പാവേല്‍ ദുരോവിന്റെ കസ്റ്റഡി നീട്ടി
ടെലഗ്രാം മേധാവിയും സ്ഥാപകനുമായ പാവേല്‍ ദുരോവിന്റെ കസ്റ്റഡി നീട്ടി. ക്രിമിനല്‍ക്കുറ്റകൃത്യങ്ങളില്‍ ടെലിഗ്രാമിനെ ഉപയോഗിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് പാവേല്‍ ദുരോവിനെ പാരീസിനടുത്തുള്ള ബുര്‍ഗെ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോടതിയാണ് കസ്റ്റഡി നീട്ടി നല്‍കിയത്. ദുബായില്‍ താമസിക്കുന്ന ദുറോവ്, അസര്‍ബയ്ജാനില്‍നിന്ന് സ്വകാര്യജെറ്റില്‍ പാരീസിലെത്തിയതായിരുന്നു. പരമാവധി 96 ദിവസം വരെ ദുരോവിന് കസ്റ്റഡിയില്‍ കഴിയേണ്ടിവരും. ഈ കാലാവധി കഴിഞ്ഞാല്‍ അദ്ദേഹത്തെ സ്വതന്ത്രനാക്കണോ അതോ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വെക്കണോ എന്ന് കോടതി തീരുമാനിക്കും.
തട്ടിപ്പുകള്‍, മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങള്‍, ഭീകരവാദം പ്രോത്സാഹിപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ ടെലഗ്രാമില്‍ നടക്കുന്നവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് അധികാരികള്‍ ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയിരുന്നു.
ടെലഗ്രാമിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്ന് അധികൃതര്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ യൂറോപ്പിലെ ഡിജിറ്റല്‍ സേവന നിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും, വ്യവസായ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് തങ്ങള്‍ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നതെന്നും ടെലഗ്രാം പറയുന്നത്. പ്ലാറ്റ് ഫോം ദുരുപയോഗം ചെയ്യുന്നതിന് ഉത്തരവാദി കമ്പനിയും ഉടമയുമാണെന്ന് പറയുന്നതില്‍ അസംബന്ധമാണെന്നും ടെലഗ്രാം പറഞ്ഞു.