നെറ്റ്ഫ്ലിക്സിൽ ഇനി ഇഷ്‌ടാനുസൃതമായി സബ്ടൈറ്റിലുകള്‍ മാറ്റാം

netflix

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് ഇഷ്‌ടാനുസൃതമായി മാറ്റാവുന്ന രീതിയിലുള്ള സബ്ടൈറ്റിലുകള്‍ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലെ കണ്ടന്റുകള്‍ക്കൊപ്പം ലഭിക്കുന്ന സബ്‌ടൈറ്റിലുകള്‍ കാണുന്ന ഒരോ വ്യക്തിയുടെ സൌകര്യം അനുസരിച്ച് ക്രമീകരിക്കാന്‍ പുതിയ ഫീച്ചറുകൾ ഉപയോക്താക്കളെ അനുവദിക്കും. ഉപയോക്താക്കൾക്ക് സബ്ടൈറ്റില്‍ ടെക്സ്റ്റിലെ ശൈലിയും വലുപ്പവും പരിഷ്‌ക്കരിക്കാന്‍ പുതിയ ഫീച്ചര്‍ അനുവദിക്കുന്നു. ചെറുത് ഇടത്തരം വലുത് എന്ന രീതിയില്‍ ഫോണ്ട് വലുപ്പം തീരുമാനിക്കാനും കഴിയും.

കൂടാതെ സബ് ടൈറ്റില്‍ ബാക്ഗ്രൌണ്ട് മാറ്റാനും നെറ്റ്ഫ്ലിക്സ് സൌകര്യം നല്‍കും. സബ്‌ടൈറ്റിലുകൾക്കായി നെറ്റ്ഫ്ലിക്സ് മൂന്ന് പുതിയ ബാക്ഗ്രൌണ്ട് രീതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലൈറ്റ് (വെളുത്ത പശ്ചാത്തലത്തിൽ കറുത്ത വാചകം), കോൺട്രാസ്റ്റ് (കറുത്ത പശ്ചാത്തലത്തിൽ മഞ്ഞ ടെക്‌സ്‌റ്റ്), ഡ്രോപ്പ് ഷാഡോ (കറുത്ത പശ്ചാത്തലത്തിലുള്ള വെള്ള വാചകം) എന്നിങ്ങനെയാണ് ഇവ. വിവിധ ഭാഷകളില്‍ പരന്ന് കിടക്കുന്ന നെറ്റ്ഫ്ലിക്സ് കണ്ടന്റുകള്‍ കാണുവാന്‍ സബ് ടൈറ്റിലുകള്‍ അത്യവശ്യമാണ്. അതിനാല്‍ തന്നെ പുതിയ മാറ്റങ്ങള്‍ അത്യവശ്യമാണ് എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്.

നേരത്തെ, വെബ് ഉപയോക്താക്കൾക്ക് ഫീച്ചറുകൾ ലഭ്യമായിരുന്നു. ഇപ്പോള്‍ ഈ സവിശേഷത ടിവി ഉപയോക്താക്കൾ ഉൾപ്പെടെയുള്ളവര്‍ക്കും നെറ്റ്ഫ്ലിക്സ് ലോകമെമ്പാടും ലഭ്യമാക്കുകയാണ്. നെറ്റ്ഫ്ലിക്സിന്റെ കണക്കുകള്‍ പ്രകാരം ടിവി കാഴ്ചക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവിന് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ഉള്ളതിനേക്കാള്‍ ടിവിയില്‍ നെറ്റ്ഫ്ലിക്സ് കാണുന്നവരുടെ എണ്ണം 70 ശതമാനം വര്‍ദ്ധിച്ചതായി കമ്പനി പറയുന്നു.

Share this story