നാസയുടെ ‘കസ്സിനി’ ദൗത്യം ; ശനിയുടെ ഉപഗ്രഹത്തിൽ പുഴയും കടലും കണ്ടെത്തി ഗവേഷകർ

shani
shani

സൗരയൂഥത്തിൽ പുഴയും കടലുമെല്ലാം ഉള്ളത് ഭൂമിയിൽ മാത്രമായിരിക്കില്ലെന്ന് നേരത്തേതന്നെ ശാസ്ത്രലോകം പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, സൗരയൂഥത്തിൽ എവിടെയാകും അവയെന്ന് വ്യക്തമായിരുന്നില്ല.

വ്യാഴത്തിന്റെ ഉപഗ്രഹമായ ഒയ്റോപയിലും ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലും ജലസാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും ഭൂമിയിലേതിനു സമാനമായ ‘ജല’മായിരുന്നില്ല അവയൊന്നും. അതുകൊണ്ടുതന്നെ ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങൾ പിന്നെയും തുടർന്നു. ഇപ്പോഴിതാ, തീർത്തും അപ്രതീക്ഷിതമായി ചില വിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടിരിക്കുകയാണ്.

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് ടൈറ്റാൻ. അവിടെ കടലും പുഴയുമൊക്കെയുണ്ടത്രെ. പക്ഷേ, ഭൂമിയിലേതുപോലെയുള്ള ജലമല്ല. മറിച്ച്, മീഥൈൻ, ഈഥൈൻ തുടങ്ങിയ ദ്രവ ഹൈഡ്രോകാർബണുകളാണവ. ഭൂമിയിലെ എണ്ണ ഖനന കേന്ദ്രങ്ങളിലും മറ്റുമുള്ളതിനേക്കാൾ ദ്രവ ഹൈഡ്രോ കാർബൺ ടൈറ്റനിലുള്ളതായാണ് വിവരം.

നാസയുടെ ‘കസ്സിനി’ ദൗത്യത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളത്രയും. 1997ൽ ശനിയെക്കുറിച്ച് പഠിക്കാനായി നാസ വിക്ഷേപിച്ചതായിരുന്നു കസ്സിനി. 2017ൽ, ശനിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങിയ കസ്സിനി പിന്നീട് വിവരങ്ങളൊന്നും ഭൂമിയിലേക്ക് അയച്ചിട്ടില്ല. അവസാന കാലത്ത് കസ്സിനി അയച്ച വിവരങ്ങൾ അപഗ്രഥിച്ചാണ് ഗവേഷകർ ഇപ്പോൾ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിരിക്കുന്നത്.

Tags