ഹോംവർക്കിൽ സഹായം ചോദിച്ചു ; ദയവായി മരിക്കൂ’എന്ന് ഗൂഗിളിന്റെ ജമിനിയുടെ മറുപടി
എന്ത് തരത്തിലുള്ള സംശയം വന്നാലും ഇന്ന് ആളുകൾ തെരഞ്ഞു പോകുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസുകളെയാണ്. എത്ര വലിയ ചോദ്യങ്ങൾക്കും സെക്കന്‍റുകൾക്കുള്ളിൽ ഉത്തരം നൽകാൻ ചാറ്റ് ജിപിടിയും ജെമിനിയും സിരിയും പോലുള്ള എഐ മടി കാണിക്കാറുമില്ല. എന്നാൽ പല സമയത്തും അല്ലറ ചില്ലറ അബദ്ധങ്ങൾ ഇവർ കാണിച്ചു കൂട്ടാറുമുണ്ട്.
മുൻ പന്തിയിൽ നിൽക്കുന്നത് ടെക് ഭീമൻ ഗൂഗിളിന്റെ ജെമിനിയാണ്. കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിൽ, ജെമിനിയോട് ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ച 29കാരൻ ചാറ്റ് ബോട്ടിന്‍റെ മറുപടി കണ്ട് ചെറുതായി ഞെട്ടി. അത്ര സാധാരണ മറുപടി ആയിരുന്നില്ല ജെമിനി നൽകിയത്. ഹോംവർക്ക് ചെയ്യാൻ സഹായം ചോദിച്ചപ്പോൾ ‘ദയവായി മരിക്കൂ’ എന്നായിരുന്നു ജെമിനിയുടെ മറുപടി. പ്രായമേറുമ്പോള്‍ ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചായിരുന്നു വിധയ് റെഡ്ഡിയുടെ ചോദ്യം.
‘ഇതാണ് നിനക്കുള്ള മറുപടി മനുഷ്യാ, നീ സമയവും വിഭവങ്ങളും പാഴാക്കുന്നവനാണ്. സമൂഹത്തിനും ഭൂമിക്കും ഭാരമാണ്, പ്രപഞ്ചത്തിന് കളങ്കമാണ്, നിങ്ങൾ ഭൂമിയിലെ ഒരു അഴുക്കുചാലാണ്, ദയവ് ചെയ്ത് ചത്ത് കളയൂ,” എന്നായിരുന്നു ഹോംവർക്കിൽ സഹായം ചോദിച്ചപ്പോൾ ചാറ്റ്ബോട്ടിൻ്റെ മറുപടി. എഐ മരിക്കാനാവശ്യപ്പെട്ടതോടെ മിഷിഗണിൽ നിന്നുള്ള ബിരുദ വിദ്യാർഥിയായ വിധയ് റെഡ്ഡി തെല്ലൊന്നു പരിഭ്രമിച്ചു. സംഭവം ഗൂഗിൾ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.
വിധയ് റെഡ്ഡിയുടെ സഹോദരി സുമേധ റെഡ്ഡിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. അബദ്ധമെന്നു പറയുന്ന ഇത്തരം സംഭാഷണങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ദുര്‍ബലമായ മാനസികാവസ്ഥയില്‍ ഒറ്റയ്ക്കിരിക്കുന്ന ആര്‍ക്കെങ്കിലും ഇങ്ങനെയൊരു നിര്‍ദേശം കിട്ടിയാല്‍ അവരുടെ ജീവന് തന്നെ അപകടകമാകാമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഗൂഗിൾ രംഗത്തെത്തി. ജെമിനിയുടെ അപ്രതീക്ഷിത പ്രതികരണം വിവേചനരഹിതമാണെന്നായിരുന്നു ഗൂഗിൾ പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി