മാസങ്ങൾക്കുള്ളിൽ തന്റെ ഫോൺ നമ്പർ ഒഴിവാക്കുമെന്ന് എലോൺ മസ്ക്

Elon Musk

സന്‍ഫ്രാന്‍സിസ്കോ: മാസങ്ങൾക്കുള്ളിൽ തന്റെ ഫോൺ  നമ്പർ ഒഴിവാക്കുമെന്ന് എക്സ് തലവൻ എലോൺ മസ്ക്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മസ്ക് ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ ഓഡിയോ വീഡിയോ കോളുകൾക്കും ടെക്സ്റ്റ് മെസെജുകൾക്കുമായി എക്സ് മാത്രമേ ഉപയോഗിക്കുവെന്നും അദ്ദേഹം പറയുന്നുണ്ട്. ട്വിറ്ററിന്റെ പേര് എക്സ് എന്നാക്കിയതിന് പിന്നാലെ വീഡിയോ ഓഡിയോ കോൾ സൗകര്യവും കമ്പനി അവതരിപ്പിച്ചിരുന്നു. 

ഇവ ഉപയോഗിക്കാൻ ഫോൺ നമ്പറാവശ്യമില്ല.  ഐഒഎസിലും ആൻഡ്രോയിഡിലും പേഴ്‌സണൽ കംപ്യൂട്ടറുകളിലും ഈ സൗകര്യം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. എക്‌സിന്റെ ഓഡിയോ വീഡിയോ കോളിങ് ഫീച്ചറുകൾക്ക് പ്രചാരം നൽകുന്നതിനുള്ള മസ്‌കിന്റെ നീക്കമാണിതെന്നാണ് സൂചന. 

എക്‌സിന് ഒരു 'എവരിതിങ് ആപ്പ്' എന്ന നിലയിൽ പ്രചാരം നൽകുകയാണ് മസ്‌കിന്റെ ലക്ഷ്യം. എല്ലാ ഓൺലൈൻ സേവനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർ ആപ്പ്/എവരിതിങ് ആപ്പ് എന്ന നിലയിലേക്ക് എക്‌സിനെ മാറ്റിയെടുക്കുമെന്ന് മസ്ക് തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.

മുൻപ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഡേറ്റയിലേക്ക് ലൈവായി എൻട്രി  നടത്താൻ സാധിക്കുന്ന പുതിയ നിർമിത ബുദ്ധി (എഐ) ചാറ്റ് സംവിധാനം മസ്ക് പരിചയപ്പെടുത്തിയത് ചർച്ചയായിരുന്നു. തന്റെ സ്വന്തം നിർമിത ബുദ്ധി കമ്പനിയായ എക്‌സ്എഐയുടെ (xAI) ആദ്യ മോഡലാണ് ഗ്രോക് (Grok) എന്ന പേരിൽ അന്ന് മസ്‌ക് അവതരിപ്പിച്ചത്. 

ഇത് ഓപ്പൺഎഐ ചാറ്റ്ജിപിടി, ഗൂഗിൾ പാമിനും (PaLM) എന്നിവയുടെ സാങ്കേതികവിദ്യയായ ലാർജ് ലാംഗ്വെജ് മോഡലിൽ അധിഷ്ഠിതമാണ്. ഗ്രോക് ഉപയോഗിച്ച് എക്സിൽ വരുന്ന പുതിയ വിവരങ്ങൾ ആക്സസ് ചെയ്യാനാകുമെന്നതായിരുന്നു അതിന്റെ പ്രത്യേകത. മറ്റ് മോഡലുകളെക്കാൾ ഗോർക്കിന് മികവുണ്ടാകുമെന്നാണ് മസ്ക് പറഞ്ഞിരുന്നത്.

Tags