ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമിക്കാമെന്ന് ചൈനീസ് ശാസ്ത്രജ്ഞർ
ബീജിംഗ് : ചന്ദ്രനിൽ നിന്ന് ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ. 2020 നടത്തിയ പര്യവേഷണ സമയത്ത് ശേഖരിച്ച ലൂണാർ സോയിലിൽ നിന്ന് വലിയ അളവിൽ ജലം ഉത്പാദിപ്പിക്കാനുള്ള രീതി കണ്ടെത്തിയെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില മൂലകങ്ങളുമായി ചേർത്ത് ചൂടാക്കിയതോടെയാണ് വലിയ രീതിയിൽ ജലം ഉണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഈ രീതി കണ്ടെത്താനായതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ നിന്ന് വലിയ അളവിൽ ജലം ഉൽപാദിപ്പിക്കുന്നത് ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളിൽ നിർണായകമാവുമെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമം അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായി ചന്ദ്രനിൽ ഔട്ട് പോസ്റ്റ് തയ്യാറാക്കാനുള്ള യുഎസ് ചൈന മത്സരത്തിൽ നിർണായകമാണ് ഈ ചുവട് വയ്പ്പ്.