ഇനി ഇന്‍സ്റ്റയില്‍ കുട്ടികളി നടക്കില്ല
പുതിയ അപ്ഡേഷനുമായി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാം. പുതിയ അപ്ഡേഷനനുസരിച്ച് പുതിയതായി സൈൻഇൻ ചെയ്യുന്ന കൗമാരക്കാരെ ടീൻ അക്കൗണ്ടുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങുമെന്ന് മെറ്റാ പ്ലാറ്റ്‌ഫോം അറിയിച്ചു. കൗമാരക്കാരെ നിയന്ത്രിക്കുന്നതിനുള്ള പുതിയ അപ്ഡേഷനാണ് ടീൻ അക്കൗണ്ട് ഫീച്ചർ. മാതാപിതാക്കളുടെ മാർഗനിർദേശത്തിൽ കുട്ടികൾക്ക് ഇതൊരു പുതിയ അനുഭവമായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലുള്ള അക്കൗണ്ടുകൾ അടുത്തയാഴ്ച മുതൽ ടീൻ അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും കമ്പനി പറയുന്നു.
ഘട്ടംഘട്ടമായാണ് ഇൻസ്റ്റാഗ്രാം ടീൻ അക്കൗണ്ടുകൾ പുറത്തിറക്കുന്നത്. യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ആദ്യം ടീൻ അക്കൗണ്ട് ആരംഭിക്കുന്നത്. 60 ദിവസത്തിനുള്ളിൽ ഈ പ്രദേശങ്ങളിൽ മാറ്റം പ്രകടമാകും. യൂറോപ്യൻ യൂണിയൻ മേഖലയ്ക്ക് ഈ വർഷാവസാനം ഈ പതിപ്പ് ലഭിക്കുമെന്നും കമ്പനിയുടെ അറിയിപ്പിൽ പറയുന്നു. വരും വര്‍ഷങ്ങളിൽ മുഴുവൻ കൗമാരക്കാരെയും ടീൻ അക്കൗണ്ടുകളിൽ ഉൾപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.
സുരക്ഷയ്ക്കാണ് ഇത്തരം അക്കൗണ്ടുകളിലൂടെ പ്രാധാന്യം നല്‍കുന്നത്. ഉപയോക്താവിനെ ആർക്കൊക്കെ ബന്ധപ്പെടാനാകുമെന്നതും അവർക്ക് ലഭിക്കുന്ന ഉള്ളടക്കവും ഇതിലൂടെ നിയന്ത്രിക്കപ്പെടുന്നു. 16 വയസിന് താഴെയുള്ള കൗമാരക്കാർക്ക് സെറ്റിങ്‌സിൽ മാറ്റം വരുത്താൻ രക്ഷിതാവിന്‍റെ അനുമതി ആവശ്യമാണ്.
കൗമാരക്കാരുടെ അക്കൗണ്ടുകൾ സ്വമേധയാ പ്രൈവറ്റായി മാറുമെന്നതാണ് പ്രധാന മാറ്റം. മെസേജുകൾ അയക്കുന്നതിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരും. കുട്ടികൾക്ക് ലഭിക്കുന്ന സെൻസിറ്റീവ് കണ്ടന്‍റുകൾ കമന്‍റുകൾ, ഡിഎമ്മുകള്‍ എന്നിവയിൽ നിന്നും മോശമായ ഭാഷയും, ശൈലികളും സ്വയമേവ ഫിൽട്ടർ ചെയ്യപ്പെടും. ഓരോ ദിവസവും 60 മിനിറ്റിന് ശേഷം ആപ്പിൽ നിന്ന് പുറത്തിറങ്ങാൻ കൗമാരക്കാർക്ക് അറിയിപ്പുകൾ ലഭിക്കും. രാത്രി 10 മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ഓണാകുമെന്ന മെച്ചവുമുണ്ട്.