രാജ്യത്തെ ഏറ്റവും മികച്ച മൊബൈല്‍ സേവനദാതാക്കള്‍ ജിയോ;റിപ്പോർട്ട്

reliance,jio
reliance,jio

ദില്ലി:  ഇന്ത്യയിലെ ഏറ്റവും വേഗവും സ്ഥിരതയുമുള്ള മൊബൈല്‍ നെറ്റ്‍വർക്ക് റിലയന്‍സ് ജിയോ എന്ന്  ഓപ്പണ്‍സിഗ്നല്‍ റിപ്പോർട്ട്. ഡാറ്റാ സ്പീഡ്, കവറേജ്, ഇന്‍റർനെറ്റ്, കോള്‍ സ്ഥിരത എന്നീ മൂന്ന് മേഖലകളിലും ജിയോ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നതായി വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

ഓപ്പണ്‍സിഗ്നല്‍ പുറത്തുവിട്ട ഏറ്റവും പുതിയ ഇന്ത്യാ മൊബൈല്‍ നെറ്റ്‍വർക്ക് എക്സ്പീരിയന്‍സ് റിപ്പോർട്ടിലാണ് റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. ജിയോ ഏറ്റവും മികച്ച ഡൗണ്‍ലോഡ് സ്പീഡ് നല്‍കുന്നു. 89.5 എംബിപിഎസ് ആണ് ജിയോയുടെ ഡൗണ്‍ലോഡിംഗ് സ്പീഡായി ഓപ്പണ്‍സിഗ്നല്‍ റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം രണ്ടാമതുള്ള എതിരാളികളായ ഭാരതി എയർടെല്ലിന് 44.2 എംബിപിഎസാണ് വേഗം. 16.9 എംബിപിഎസ് വേഗവുമായി വോഡാഫോണ്‍ ഐഡിയ (വിഐ) മൂന്നാമത് നില്‍ക്കുന്നു. എയർടെല്ലിന്‍റെ ഇരട്ടി ഇന്‍റർനെറ്റ് വേഗമാണ് ജിയോയില്‍ ചൂണ്ടിക്കാണിക്കുന്നത്. മികച്ച സ്ട്രീംമിങ്, ഗെയിമിങ്, മറ്റ് ഡാറ്റ അധികം ആവശ്യമായ പ്രവർത്തനങ്ങള്‍ എന്നിവയ്ക്ക് ജിയോയാണ് മികച്ചതെന്ന് ഇത് വ്യക്തമാക്കുന്നു. 

മൊബൈല്‍ ഇന്‍റർനെറ്റില്‍ മാത്രമല്ല റിലയന്‍സ് ജിയോ മുന്നിട്ടുനില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വിശാലമായ കവറേജും ജിയോയ്ക്കാണുള്ളത്. ഗ്രാമീണ മേഖലയിലെ ഉള്‍പ്രദേശങ്ങളില്‍ പോലും നെറ്റ്‍വർക്ക് എത്തിക്കാന്‍ ജിയോയ്ക്ക് സാധിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു. ഇന്‍റർനെറ്റ് കണക്റ്റിവിറ്റി സ്ഥിരതയുടെ കാര്യത്തിലും ജിയോ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്നു. 66.5 സ്കോറാണ് കണക്റ്റിവിറ്റി സ്ഥിരതയുടെ കാര്യത്തില്‍ ജിയോയ്ക്ക് ഓപ്പണ്‍സിഗ്നല്‍ നല്‍കിയത്. ഡാറ്റയിലും കോളിലും ഏറ്റവും സ്ഥിരത ജിയോയ്ക്കാണ്. സ്പീഡും കവറേജും സ്ഥിരതയും രാജ്യത്തെ ഏറ്റവും പ്രധാന മൊബൈല്‍ സേവനദാതാക്കള്‍ ജിയോയാണ് എന്നുറപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഉപഭോക്താക്കളുടെ കണക്റ്റിവിറ്റി അനുഭവം അളക്കുന്ന പ്രധാന ആഗോള കമ്പനികളിലൊന്നാണ് ഓപ്പണ്‍സിഗ്നല്‍. 
 

Tags