അടുത്തവര്‍ഷം ജനുവരിയോടെ ഒമ്പത് നഗരങ്ങളിൽ 5ജി സേവനം നൽകാൻ ജിയോ
5g spectrum

അടുത്തവര്‍ഷം ജനുവരിയോടെ രാജ്യത്തെ ഒമ്പത് നഗരങ്ങളില്‍ 5ജി സേവനം നല്‍കാന്‍ റിലയന്‍സ് ജിയോ. ഈവര്‍ഷം അവസാനത്തോടെ ഡല്‍ഹിയിലും മുംബൈയിലുമാകും ആദ്യം സേവനം ആരംഭിക്കുക.

ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്, ജാംനഗര്‍, അഹമ്മദാബാദ്, ലക് നൗ എന്നിവിടങ്ങളിലാകും ജനുവരിയോടെ 5 ജി ലഭ്യമാക്കുക.

2023 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെ 72,000 സ്ഥലങ്ങളില്‍ 5ജി തരംഗങ്ങള്‍ എത്തിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള 10ശതമാനത്തോളം ടവറുകള്‍ ഉള്‍പ്പടെ ഇതിനായി ക്രമീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി മാസംതോറും 3000 ഇടങ്ങളില്‍ തരംഗം എത്തിക്കാനാണ് ശ്രമം.

അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ റിലയന്‍സ് ജിയോ അധികൃതര്‍ തയ്യാറായിട്ടില്ല. 5ജിക്കായി സാങ്കേതിക സേവനം നല്‍കുന്ന കമ്പനികളാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. വരുന്ന ഒക്ടോബറോടെ രാജ്യത്ത് 5 ജി സേവനം തുടങ്ങുമെന്ന് നേരത്തെ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി കുമാര്‍ വൈഷ്‌ണോ വ്യക്തമാക്കിയിരുന്നു.

ഉത്പാദനവുമായി ബന്ധപ്പെട്ട ആനൂകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നോക്കിയ, എറിക്‌സണ്‍ എന്നീ സ്ഥാപനങ്ങളാണ് 5 ജി ക്കുവേണ്ടിയുള്ള ഉപകരണങ്ങള്‍ ടെലികോം സേവനദാതാക്കള്‍ക്ക് നല്‍കുന്നത്. 

Share this story