സോഷ്യൽ മീഡിയ വഴി പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ വ്യക്തിഗത ലൈസൻസുമായി സൗദി അറേബ്യ
SOCIAL MEDIA

ജിദ്ദ: സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ പരസ്യ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് വ്യക്തികള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചതായി മീഡിയ ആക്ടിംഗ് മന്ത്രി ഡോ.മജീദ് അല്‍ ഖസബി അറിയിച്ചു. 'രാജ്യത്തെ പരസ്യ മേഖലയെയും ഡിജിറ്റല്‍ ഉള്ളടക്കത്തെയും നിയന്ത്രിക്കാന്‍ ഈ നീക്കം സഹായിക്കും'' അദ്ദേഹം പറഞ്ഞു.

വ്യക്തികള്‍ക്കായി സോഷ്യല്‍ മീഡിയ പാറ്റ്ഫോമുകളിലൂടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് ഡോക്യുമെന്റഡ് ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഓഡിയോവിഷ്വല്‍ മീഡിയയുടെ ജനറല്‍ കമ്മീഷന്‍ സ്ഥിരീകരിച്ചു. ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഐലാം പ്ളാറ്റ്ഫോം വഴി അപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്തു. മൂന്ന് വര്‍ഷത്തേക്കുള്ള ഒരു ലൈസന്‍സിന് 15000 റിയാല്‍ (4,000 ഡോളര്‍) ചിലവാകും.

കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതടക്കമുള്ള ചില നിബന്ധനകളും വ്യവസ്ഥകളും പാലിച്ചാല്‍ ലൈസന്‍സ് നല്‍കും. കമ്മീഷന്‍ ആവശ്യപ്പെടുന്ന ഏതെങ്കിലും ഡാറ്റയോ വിവരങ്ങളോ റിപ്പോര്‍ട്ടുകളോ നല്‍കുമെന്ന് പ്രതിജ്ഞയെടുക്കണം. ഏതെങ്കിലും മാധ്യമ ഉള്ളടക്കം നിര്‍ത്താന്‍ കമ്മീഷന്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചാല്‍ ഉടനടി എതിര്‍പ്പ് കൂടാതെ പരസ്യം ചെയ്യുന്നത് നിര്‍ത്തണം. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ലൈസന്‍സിക്ക് അനുവദിച്ച ലൈസന്‍സുമായി ബന്ധിപ്പിച്ചിട്ടുള്ളതുമായ അക്കൗണ്ട് വഴിയല്ലാതെ ഒരു പരസ്യവും പ്രദര്‍ശിപ്പിക്കരുത്. ആവശ്യമായ ലൈസന്‍സുകളും അംഗീകാരങ്ങളും നേടുന്നതുവരെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന് സൗദി ഇതര ലൈസന്‍സി ഉറപ്പ് നല്‍കണം.

ലൈസന്‍സ് ഉള്ള സൗദി പൗരന്മാര്‍ക്ക് രാജ്യത്തിനകത്തും രാജ്യത്തിന് പുറത്തും സോഷ്യല്‍ മീഡിയ വഴി പ്രവര്‍ത്തനം പരിശീലിക്കാം. എന്നിരുന്നാലും, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി)ലിലെ പൗരന്മാര്‍ക്ക് വാണിജ്യ രജിസ്ട്രേഷനും പരസ്യ ലൈസന്‍സുകളും നേടാനാകും. അതേസമയം ജിസിസി പൗരന്മാര്‍ ഒഴികെയുള്ള വിദേശികള്‍ ലൈസന്‍സുള്ള പ്രാദേശിക പരസ്യ ഏജന്‍സിയുമായി കരാര്‍ ചെയ്തോ അല്ലെങ്കില്‍ നിയമങ്ങള്‍ക്കനുസൃതമായി നിക്ഷേപ ലൈസന്‍സ് നേടിയോ വ്യക്തിഗത ലൈസന്‍സ് നേടണം. നിക്ക് നെയിം (വിളിപ്പേരുകള്‍) ഉള്ള അക്കൗണ്ടുകളുടെ രജിസ്ട്രേഷനും അനുവദിക്കും.

വിദേശ പരസ്യ ഏജന്‍സികള്‍ക്ക് രാജ്യത്ത് ലൈസന്‍സുള്ള ഒരു വ്യക്തിയുമായി നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി ഇടപെടാന്‍ അവകാശമുണ്ടായിരിക്കും. ഇതിനായി, ഏതെങ്കിലും കരാര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് അയാള്‍ ഒരു ലൈസന്‍സ് നേടിയിരിക്കണം. ഓഡിയോവിഷ്വല്‍ മീഡിയ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 5 ലെ വ്യവസ്ഥകളും മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങളും അനുസരിക്കണമെന്ന വ്യവസ്ഥയോടെ അയാള്‍ക്ക് മരുന്നുകള്‍, ചികിത്സ, തുടങ്ങിയ പ്രത്യേക ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പരസ്യപ്പെടുത്താന്‍ കഴിയും.

Share this story