ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം 2024 ൽ വിക്ഷേപിക്കാൻ പദ്ധതി
ISROVenusMission

ന്യൂഡൽഹി : ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം (ശുക്രയാൻ) 2024 ഡിസംബറിൽ വിക്ഷേപിക്കാൻ ഐഎസ്ആർഒ ശ്രമം തുടങ്ങി. സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ഗ്രഹമായ ശുക്രന്റെ ഉപരിതല പഠനം, ഗ്രഹാന്തരീക്ഷത്തിലെ സൾഫ്യൂറിക് ആസിഡ് മേഘങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവ ദൗത്യത്തിന്റെ അജൻഡയിലുണ്ട്.

പ്രോജക്ട് റിപ്പോർട്ട് തയാറാക്കിയെന്നും പണം വകയിരുത്തിയെന്നും ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഐഎസ്ആർഒ സംഘടിപ്പിച്ച നാഷനൽ മീറ്റ് ഓൺ വീനസ് സയൻസ് വേദിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തീർത്തും അനുകൂലമായ ബഹിരാകാശ സാഹചര്യങ്ങളും ഗ്രഹങ്ങൾ തമ്മിൽ സാമീപ്യവും ഉള്ളതിനാനാലാണ് 2024 ൽ ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. അല്ലെങ്കിൽ സമാന സാഹചര്യം ഉരുത്തിരിയാൻ 2031 വരെ കാത്തിരിക്കണം. ശുക്രനിലെ അഗ്നിപർവതങ്ങൾ, ലാവാപ്രവാഹം, സൗരവാതം എങ്ങനെ ശുക്രന്റെ അയണോസ്ഫിയറുമായി പ്രവർത്തിക്കുന്നു എന്നീ വിവരങ്ങളും ദൗത്യം അന്വേഷിക്കും. 2012 ൽ തിരുപ്പതിയിൽ നടന്ന സ്പേസ് മീറ്റിലാണ് ഇതിന്റെ കരട് സമർപ്പിച്ചത്. 2017 മുതൽ ശ്രമം ഊർജിതമാക്കി.

∙ഗ്രഹങ്ങളിലെ ഭീകരൻ

വലുപ്പത്തിലെ സാമ്യം മൂലം ഭൂമിയുടെ ഇരട്ട എന്ന പേരുണ്ടെങ്കിലും തീഷ്ണമായ ഭൗതികസാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. 471 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനില. ഒട്ടേറെ അഗ്നിപർവതങ്ങൾ നിറഞ്ഞ വരണ്ട ഉപരിതലവും ഇവിടെയുണ്ട്. അന്തരീക്ഷ വായുവിൽ കാർബൺ ഡയോക്സൈഡാണ് കൂടുതൽ.

2020 സെപ്റ്റംബറിൽ ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന രാസവസ്തു കണ്ടെത്തിയത് ഗ്രഹത്തിൽ ജീവസാധ്യതയുണ്ടെന്ന വാദത്തിനു വഴിവച്ചു.ഡാവി‍ഞ്ചി പ്ലസ്, വെരിറ്റാസ് എന്നീ 2 ദൗത്യങ്ങൾ നാസ ശുക്രനിലേക്ക് 2028–30 ൽ വിടുന്നുണ്ട്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭാവി ദൗത്യമായ എൻവിഷനും ശുക്രനെ ലക്ഷ്യംവയ്ക്കുന്നു.

Share this story