സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 വിക്ഷേപണം നാളെ

google news
oceanset 3

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 11.56-നാണ് വിക്ഷേപണം. പി.എസ്.എൽ.വി.-സി. 54 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ് -3-ന് ഒപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. പി.എസ്.എൽ.വി.യുടെ 56-ാമത്തെയും പി.എസ്.എൽ.വി. എക്സ്.എൽ. പതിപ്പിന്റെ 24-ാമത്തെയും ദൗത്യമാണിത്.

സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26-നായിരുന്നു. 2009 സെപ്റ്റംബർ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014-ൽ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ്-മൂന്ന് മുഖേന തുടരും.

ഭൂട്ടാനുവേണ്ടിയുള്ള ഐ.എൻ.എസ്.2-ബി, ബെംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്‌ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങൾ), യു.എസിൽനിന്നുള്ള ദൈബോൾട്ട് (രണ്ട്) എന്നിവയാണ് ഓഷ്യൻസാറ്റിനൊപ്പം വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങൾ.

Tags