ഗൂഗിളിന്റെ വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകളായ മീറ്റ്, ഡ്യുവോ എന്നിവ ലയിക്കുന്നു
google meet and duo

ഗൂഗിളിന്റെ വീഡിയോ കോളിങ് പ്ലാറ്റ്‌ഫോമുകളായ മീറ്റ്, ഡ്യുവോ എന്നിവ ലയിക്കുന്നു. സൂം പോലുള്ള സേവനങ്ങളുമായി മത്സരിക്കാന്‍ വീഡിയോ കോളിങ് വിഭാഗത്തെ പ്രാപ്തമാക്കുകയാണ് ഗൂഗിള്‍ ഇതിലൂടെ.

ആപ്പിളിന്റെ ഫെയ്‌സ് ടൈമുമായി മത്സരിക്കുന്നതിനാണ് തുടക്കത്തിൽ ഡ്യുവോ അവതരിപ്പിച്ചത്. ഐഫോണുകളിൽ ഫെയ്സ്ടൈം ഉപയോഗിക്കുന്നത് പോലെ ആൻഡ്രോയിഡ് ഓ.എസിനോട് ചേർന്നുകൊണ്ടാണ് ഡ്യുവോ ലഭ്യമാക്കിയിരുന്നത്. അതേസമയം, വാണിജ്യ ഉപഭോക്താക്കളുടെ കോണ്‍ഫറന്‍സുകള്‍, യോഗങ്ങള്‍, കൂടിക്കാഴ്ചകള്‍ പോലുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് മീറ്റ് ഉപയോഗിച്ചിരുന്നത്.

ഈ രണ്ട് പ്ലാറ്റ്‌ഫോമുകളേയും ഒന്നിപ്പിക്കുകയാണെന്ന് ഇക്കഴിഞ്ഞ ജൂണില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രണ്ട് ആപ്പുകളെയും ഒന്നിപ്പിച്ചുള്ള അപ്‌ഡേറ്റുകള്‍ ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. ഫോണുകളില്‍ കിട്ടിത്തുടങ്ങിയെന്നാണ് വിവരം.

പ്ലേ സ്റ്റോറില്‍ യഥാര്‍ത്ഥ മീറ്റ് ആപ്പില്‍ പുതിയ പച്ച ഐക്കണ്‍ കാണാന്‍ സാധിക്കും. പേര് Meet (Original) എന്നും മാറ്റിയിട്ടുണ്ടാവും. ഡ്യുവോ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് തുറക്കുമ്പോള്‍ അപ്‌ഡേറ്റ് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കാര്‍ഡ് കാണാന്‍ സാധിക്കും.

ഇതില്‍ ഡ്യുവോ ആപ്പ് പുതിയ പേരിലും ഐക്കണിലും മീറ്റ് ആയി മാറുമെന്നും കൂടുതല്‍ ബാക്ക്ഗ്രൗണ്ട് ഇഫക്ടുകള്‍ ഇതില്‍ ലഭിക്കുമെന്നുമുള്ള അറിയിപ്പ് കാണാം.

മീറ്റില്‍ ലയിച്ചാലും ഡ്യുവോയില്‍ ഉണ്ടായിരുന്ന ഫീച്ചറുകളെല്ലാം ഗൂഗിള്‍ തുടര്‍ന്നും ലഭ്യമാക്കും.

Share this story