പുതിയ സ്‌പേസ് സ്റ്റേഷനിൽ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികൾ
space

പുതിയ ബഹിരാകാശ നിലയത്തില്‍ ബഹിരാകാശ നടത്തത്തിനിറങ്ങി ചൈനീസ് സഞ്ചാരികള്‍. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. അടിയന്തിര സാഹചര്യത്തില്‍ പുറത്ത് നിന്ന് ഹാച്ച് ഡോര്‍ തുറക്കുന്നതിനുള്ള ഹാന്റില്‍ സ്ഥാപിക്കുന്നതിനാണ് കായ് ഷൂഷെ, ചെന്‍ ഡോങ് എന്നിവര്‍ നിലയത്തിന് പുറത്തിറങ്ങിയത്.

അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹികാശ നിലയത്തിന് വേണ്ടിയുള്ള സഹകരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് ചൈന സ്വന്തമായി നിലയം സ്ഥാപിക്കാന്‍ തുടങ്ങിയത്.ചൈനയുടെ സൈന്യം തന്നെയാണ് അവരുടെ ബഹികാകാശ ഏജന്‍സി കൈകാര്യം ചെയ്യുന്നത് എന്നതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അവഗണിക്കാനുള്ള പ്രധാന കാരണം.

ഇത് രണ്ടാം തവണയാണ് ചൈനീസ് സഞ്ചാരികള്‍ ബഹിരാകാശ നടത്തത്തിന് ഇറങ്ങുന്നത്. ആറ് മാസം നീണ്ട ദൗത്യത്തിനെത്തിയ മൂന്നംഗ സംഘം നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയേ മടങ്ങുകയുള്ളൂ. രണ്ട് ലബോറട്ടറികള്‍ ഒന്ന് ജൂലായില്‍ നിലയവുമായി ഘടിപ്പിച്ചിരുന്നു. 23 ടണ്‍ ഭാരമുണ്ട് ഇതിന്. രണ്ടാമത്തെ ലബോറട്ടറി ഈ വര്‍ഷം അവസാനത്തോടെ അയക്കും.

കായ് ഷൂഷെ, ചെന്‍ ഡോങ് എന്നിവര്‍ പുറത്തിറങ്ങിയപ്പോള്‍ ലിയു യാങ് നിലയത്തിനുള്ളില്‍ നിന്നുള്ള പിന്തുണ നല്‍കി. രണ്ടാഴ്ച മുമ്പും ഇരവരും നിലയത്തിന് പുറത്തിറങ്ങിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പേര്‍ കൂടി നിലയത്തിലെത്തും. ഇതോടെ ചൈനയുടെ ബഹിരാകാശ നിലയത്തില്‍ ആദ്യമായ് ഒരേ സമയം ആറ് പേര്‍ തങ്ങും. 

Share this story