ആരുടെ ശബ്ദത്തിലും ഇനി അലെക്സ സംസാരിക്കും ; പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍
alexa

അതിശയിപ്പിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വെര്‍ച്വല്‍ വോയിസ് അസിസ്റ്റന്റ് ആമസോണ്‍ അലെക്സ(Amazon alexa). നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആരുടെ ശബ്ദത്തിലും ഇനി അലെക്സ സംസാരിക്കും. ആരുടെ ശബ്ദവും അനുകരിക്കാവുന്ന തരത്തിലേക്ക് അലെക്സയെ അപ്ഡേറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ആമസോണ്‍(Amazon).
ആമസോണ്‍ കോണ്‍ഫറന്‍സില്‍ കമ്പനി സീനിയര്‍ വൈസ് പ്രസിഡന്റ് രോഹിത് പ്രസാദ്(Rohith Prasad) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 കൊവിഡ് മഹാമാരിക്കിടയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയ്ക്ക് ചെറിയൊരു ആശ്വാസമെന്ന നിലയ്ക്കാണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചതെന്നാണ് രോഹിത് പറഞ്ഞത്. മരിച്ചാലും മരിക്കാതെ പ്രിയപ്പെട്ടവരുടെ ശബ്ദം കൂടെനിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പ്രിയപ്പെട്ട താരങ്ങളെയും കഥാപാത്രങ്ങളെയുമെല്ലാം അലെക്സ അനുകരിക്കും. എന്നാല്‍, ഇതോടൊപ്പം കുടുംബത്തിലെ മരിച്ചുപോയ മുത്തശ്ശിമാരുടെ ശബ്ദംവരെ അനുകരിക്കുന്നതായിരിക്കും പുതിയ ഫീച്ചറെന്നാണ് ശ്രദ്ധേയമായ കാര്യം. മുത്തശ്ശിയുടെ കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്ന കൊച്ചുമക്കള്‍ക്ക് ഇനി അലെക്സയുടെ സഹായം തേടാനാകും.

അതേസമയം, പുതിയ അപ്ഡേഷന്‍ എന്ന് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. വലിയ തോതില്‍ ദുരുപയോഗത്തിനുകൂടി സാധ്യതയുള്ളതിനാല്‍ മേഖലയിലുള്ളവരുടെ വിദഗ്ധ അഭിപ്രായങ്ങള്‍ തേടിയ ശേഷമായിരിക്കും എന്തായാലും ഈ ഫീച്ചര്‍ അവതരിപ്പിക്കുകയെന്ന് വ്യക്തമാണ്. 

നേരത്തെ, ക്വാര്‍ട്ടാനയിലൂടെ മൈക്രോസോഫ്റ്റും സമാനമായ ഫീച്ചര്‍ അവതരിപ്പിച്ചെങ്കിലും ദുരുപയോഗത്തെ തുടര്‍ന്ന് ഇത് നിയന്ത്രിച്ചിരുന്നു.
പൂര്‍ണമായും സ്വയം നിര്‍ണയശേഷിയുള്ള റോബോട്ടിനെ നിര്‍മിക്കുമെന്ന് അടുത്തിടെ ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു. പ്രോട്ടിയസ് എന്ന പേരിലുള്ള ഈ റോബോട്ടിന് ഒരു തരത്തിലുമുള്ള മനുഷ്യസഹായമില്ലാതെ പ്രവര്‍ത്തിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Share this story