
അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ബംഗ്ലാദേശ് ആണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ തവണ ഇന്ത്യയും ബംഗ്ലാദേശുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ബംഗ്ലാദേശ് ആണ് ജേതാക്കളായത്.
ജനുവരി 26 നാണ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുന്നത്. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരമാണ് ആദ്യം നടക്കുക. 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. 28ന് പാകിസ്താൻ ഓസ്ട്രേലിയയെയും 29ന് ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. പ്ലേറ്റ് ക്വാർട്ടർ ഫൈനലുകൾ 25ന് ആരംഭിക്കും. യുഎഇ-ഉഗാണ്ട, അയർലൻഡ്-കാനഡ മത്സരങ്ങളാണ് 25നു നടക്കുക. 26ന് സിംബാബ്‌വെ-സ്കോട്ട്‌ലൻഡ്, വെസ്റ്റ് ഇൻഡീസ്-പാപ്പുവ ന്യൂഗിനിയ മത്സരം.
അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഉഗാണ്ടയെ 326 റൺസെന്ന കൂറ്റൻ സ്കോറിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വെറും 79 റൺസിന് ഉഗാണ്ട കീഴടങ്ങി. ഇന്ത്യക്കായി രാജ് ബവയും അങ്ക്‌ക്രിഷ് രഘുവൻശിയും സെഞ്ചുറി നേടി. ബവ 108 പന്തിൽ 14 ബൗണ്ടറിയും 8 സിക്സറും അടക്കം 162 റൺസ് നേടിയപ്പോൾ രഘുവൻശി 120 പന്തിൽ 22 ബൗണ്ടറിയും 4 സിക്സറും സഹിതം 144 റൺസ് നേടി. ബൗളിംഗിൽ ക്യാപ്റ്റൻ നിഷാന്ത് സിന്ധു 4 വിക്കറ്റ് വീഴ്ത്തി.
The post അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി ; ഇന്ത്യ ബംഗ്ലാദേശിനെ നേരിടും first appeared on Keralaonlinenews.