തോമസ് കപ്പ് ബാഡ്മിന്റണ്‍ ; ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനല്‍

google news
thomascup

തോമസ് കപ്പ്ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ഇന്ന് ചരിത്ര ഫൈനല്‍.ഉച്ചയ്ക്ക് നടക്കുന്ന സ്വര്‍ണപ്പോരാട്ടത്തില്‍ 14 വട്ടം ചാമ്പ്യന്മാരായ ഇന്തൊനേഷ്യയാണ് ഇന്ത്യയുടെ എതിരാളി.

ഇഞ്ചോടിഞ്ച് സെമി ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ഡെന്‍മാര്‍ക്കിനെ 3-2ന് തോല്‍പിച്ചാണ് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നത്. അവസാന സിംഗിള്‍സില്‍ വിജയം നേടിയ മലയാളി താരം എച്ച്‌ എസ് പ്രണോയിയായിരുന്നു ഇന്ത്യയുടെ വിജയ ഹീറോ.

5 തവണ ചാമ്പ്യന്മാരായ മലേഷ്യയെ ഇന്ത്യ വീഴ്ത്തിയപ്പോഴും പ്രണോയ് തന്നെയായിരുന്നു ഹീറോ. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് നിലവില്‍ ബാഡ്മിന്റണില്‍ രാജ്യത്തെ രണ്ടാം നമ്പര്‍ താരമാണ്. ജപ്പാനെ തോല്‍പ്പിച്ചെത്തുന്ന ഇന്തൊനീഷ്യയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

അന്തോണി സിനിസുക ജീന്‍ഡിംഗ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളാണ് ഇന്തൊനീഷ്യയുടെ കരുത്ത്.ലക്ഷ്യാ സെന്‍, കെ ശ്രീകാന്ത്, എച്ച്‌ എസ് പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും, ഡബിള്‍സില്‍ സാത്വികാ റാന്‍കിറെഡ്ഡി-ചിരാഗ് ഷെട്ടി, കൃഷ്ണപ്രസാദ് ഗരാഗ- വിഷ്ണു വര്‍ധന്‍ പഞ്ചാല ജോഡികളുമാണ് നടാടെ ഫൈനലിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുക.

പുല്ലേല ഗോപിചന്ദാണ് ടീമിന്റെ പരിശീലകന്‍. 73 വര്‍ഷം പ്രായമുള്ള തോമസ് കപ്പില്‍ ചരിത്ര കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ അഭിമാന താരങ്ങള്‍ ബാങ്കോക്കിലെ ഇംപാക്‌ട് അരീനയില്‍ പോരിനിറങ്ങുമ്പോള്‍ രാജ്യമെമ്പാടുമുള്ള ബാഡ്മിന്റണ്‍പ്രേമികള്‍ ഒന്നടങ്കം ആവേശലഹരിയിലാണ്.

Tags