നാല് കളിയെങ്കിലും ജയിപ്പിക്കാന്‍ കഴിയുമോ? സ്റ്റാര്‍ക്കിന് എന്തിന്റെ പേരിലാണ് 24 കോടി രൂപ, കെകെആറിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍

Sunil Gavaskar

ന്യൂഡല്‍ഹി: ഐപിഎല്‍ 2024ലെ ലേലത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി ചെലവഴിച്ചതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍. ഒരു കളിക്കാരനും അത്തരത്തിലുള്ള പണത്തിന് അര്‍ഹതയില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി.

ഇത്രയും ഉയര്‍ന്ന പണം നല്‍കാന്‍ മാത്രം വിലയുള്ള ആരും ഇപ്പോഴില്ല. സ്റ്റാര്‍ക്കിന് കളിയില്‍ സ്വാധീനം ചെലുത്താനും അവന്‍ കളിക്കുന്ന 14 മത്സരങ്ങളില്‍ നാലെണ്ണം ജയിപ്പിക്കാനും കഴിയുമെങ്കില്‍, നല്‍കിയ പണത്തിന് മൂല്യമുണ്ടെന്ന് പറയാം. കൂടാതെ മറ്റു ഗെയിമുകളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കുകകൂടി ചെയ്താല്‍ അത് ഗംഭീരമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

ഐപിഎല്‍ 2024 ല്‍ കെകെആറിന് വേണ്ടി കുറഞ്ഞത് നാല് മത്സരങ്ങളിലെങ്കിലും സ്റ്റാര്‍ക്ക് മാച്ച് വിന്നിംഗ് സ്‌പെല്ലുകള്‍ എറിയേണ്ടിവരുമെന്നാണ് ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, ആര്‍സിബി എന്നിവയ്ക്കെതിരായ നിര്‍ണായക മത്സരങ്ങളില്‍ സ്റ്റാര്‍ക്ക് കഴിവ് തെളിയിക്കുകയും വേണം. അങ്ങിനെയെങ്കില്‍ സ്റ്റാര്‍ക്കിന് ആ മൂല്യമുണ്ടെന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് മടങ്ങുന്നത്. 2015ലാണ് അവസാനമായി കളിച്ചത്. ഇതുവരെ 27 മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 7.17 എക്കണോമി റേറ്റില്‍ മികച്ച പ്രകടനമാണ് താരം ഇതുവരെ നടത്തിയത്. കളിക്കാരുടെ ലേലത്തിന് മുന്നോടിയായി നടന്ന 2023ലെ ഏകദിന ലോകകപ്പില്‍ മികച്ച ഫോമിലായിരുന്നു ഓസ്ട്രേലിയന്‍ താരം. അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ട്രോഫി നേടിയപ്പോള്‍ 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ വീഴ്ത്തി.

 

Tags