കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സി അഴിക്കും; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

sunil chhethri
sunil chhethri

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തോടെ വിടപറയും. ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച പ്രത്യേക വീഡിയോയിലൂടെയാണ് 39കാരനായ ഛേത്രി അനിവാര്യമായ തീരുമാനം പുറത്തുവിട്ടത്. 

''ഇതെന്റെ അവസാനത്തെ മത്സരമാണെന്ന് ഞാൻ തീരുമാനിച്ചു. ഈ വിവരം എന്റെ തീരുമാനം വീട്ടുകാരോട് പറഞ്ഞു. അച്ഛന്റെ പ്രതികരണം എപ്പോഴത്തെയും പോലെ സാധാരണമായിരുന്നു. ആശ്വാസവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് കണ്ടു. പക്ഷേ, ഞാൻ ഈ വിവരം പറഞ്ഞപ്പോൾ ഭാര്യയുടെ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. 'നിരവധി മത്സരങ്ങൾ ഉണ്ടെന്നും സമ്മർദ്ദം കൂടുതലാണെന്നും ഞാൻ നിന്നോട് എപ്പോഴും പറയാറുണ്ടായിരുന്നു. ഈ മത്സരത്തിനു ശേഷം ഇനി ഞാൻ രാജ്യത്തിന് വേണ്ടി കളിക്കാൻ പോകുന്നില്ലെന്ന് നിന്നോട് പറയുന്നു'. ഇതുകേട്ടതും അവൾ കരയാൻ തുടങ്ങി. ഇതെന്റെ അവസാന മത്സരമാണെന്നത് ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഈ തീരുമാനത്തിനുശേഷം ഞാൻ ദുഃഖിതനായിരുന്നു. ചില ദിവസങ്ങളിൽ ഞാൻ വളരെയധികം വിഷമിച്ചുവെന്നത് സത്യമാണ്,'' സുനിൽ ഛേത്രി വീഡിയോയിൽ പറഞ്ഞു.

2005ല്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഛേത്രി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷം അദ്ദേഹം ഇന്ത്യന്‍ ജേഴ്‌സിയിലുണ്ടായിരുന്നു. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറ് തവണ എഐഎഫ്എഫ് പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ഛേത്രി നേടിയെടുത്തു. അന്താരാഷ്ട്ര വേദിയില്‍, 2008ലെ എഎഫ്‌സി ചലഞ്ച് കപ്പ്, 2011, 2015 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് എന്നിവ നേടിയ ഇന്ത്യന്‍ ടീമുകളുടെ ഭാഗമാണ് ഛേത്രി. 

ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ഛേത്രി. നിലവില്‍ സജീവമായ ഫുട്‌ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ മൂന്നാമത്തെ താരവും ഛേത്രി തന്നെ. 150 മത്സരങ്ങളില്‍ 94 ഗോളുകളാണ് ഛേത്രി നേടിയത്. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസി (180 മത്സരങ്ങളില്‍ 106), പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (205 മത്സരങ്ങളില്‍ 128) എന്നിവർക്ക് പിന്നിലാണ് ഛേത്രി.

ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാല് പോയിന്റുമായി ഇന്ത്യ നിലവില്‍ ഖത്തറിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈറ്റ് നാലാമതാണ്.

Tags