കുറ്റം തെളിയുന്നതുവരെ ഷാക്കിബ് ടീമിൽ തുടരും : ബിസിബി

shakib
shakib

ധാക്ക: കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ട ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരും. കേസിൽ താരം പ്രതിയാണെന്ന് തെളിയുന്നതുവരെ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത് തുടരുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) അറിയിച്ചു. ഇന്ത്യയ്ക്കും പാകിസ്താനുമെതിരായ പരമ്പരകളിൽ ഷാക്കിബ് ബംഗ്ലാദേശിന് വേണ്ടി കളത്തിലിറങ്ങുമെന്നും ബിസിബി വ്യക്തമാക്കി.

ഓഗസ്റ്റ് ഏഴിന് ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ റൂബൽ എന്ന യുവാവ് കൊല്ലപ്പെട്ട കേസിലാണ് ഷാക്കിബ് പ്രതിയായിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായ റാലിക്കിടെ നെഞ്ചിൽ വെടിയേറ്റാണ് റൂബൽ മരിച്ചത്. ഇതേതുടർന്ന് ഷാക്കിബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പുറത്താക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ക്രിക്കറ്റ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.

Tags