തൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

google news
rohith sarma

തൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ രോഹിത് റിട്ടയേർഡ് ഹർട്ട് ആയിരുന്നു. ഇതോടെ ആരാധകർക്ക് ആശങ്കയായി. പരുക്ക് ഗുരുതരമാണെങ്കിൽ താരത്തിന് ഏഷ്യാ കപ്പും ടി-20 ലോകകപ്പും നഷ്ടമായേക്കും എന്നും ചില അഭ്യൂഹങ്ങളുയർന്നു. ഇതിനിടെയാണ് ആശ്വാസമായി രോഹിതിൻ്റെ പ്രസ്താവന.

“ഇപ്പോൾ കുഴപ്പമില്ല. എന്തായാലും അടുത്ത കളിയ്ക്ക് മുൻപ് കുറച്ചുദിവസത്തെ ഇടവേളയുണ്ട്. ആ സമയത്ത് ഞാൻ പൂർണമായി ഫിറ്റായേക്കും.”- മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ 7 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഓഗസ്റ്റ് 6നാണ് പരമ്പരയിലെ അടുത്ത മത്സരം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാനത്തെ രണ്ട് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതുവരെ താരങ്ങളുടെ വീസ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

Tags