ഖേല്‍ രത്ന പുരസ്‌കാരത്തിന് ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ താരമാണ് മനു ഭാക്കര്‍.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരത്തിന് ഇന്ത്യയുടെ 22-കാരിയായ ഒളിമ്പിക് മെഡല്‍ ജേതാവും 2020-ലെ അര്‍ജുന അവാര്‍ഡ് ജേതാവുമായ മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്.
റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി രാമസുബ്രമണ്യന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് അംഗങ്ങളടങ്ങിയ സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനായി ശുപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടംപിടിച്ചില്ലെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ താരമാണ് മനു ഭാക്കര്‍. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങുമായി ചേര്‍ന്നായിരുന്നു മെഡല്‍ നേട്ടങ്ങള്‍. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമായി മനു ഭാക്കര്‍ മാറിയത് കായിക ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്സിനുശേഷം ഷൂട്ടിങ്ങില്‍ രാജ്യത്തിന്റെ ആദ്യ മെഡലായിരുന്നു മനു ഭാക്കറിന്റേത്. ഹരിയാണയിലെ ജജ്ജാര്‍ സ്വദേശിയായ മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോകകപ്പിലും സ്വര്‍ണജേതാവായിരുന്നു. 2018-ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ സ്വര്‍ണം നേടിയ താരവുമായി. പാരീസിലെ ഇരട്ട വെങ്കല നേട്ടത്തില്‍ മനു ഭാക്കറിന് ഖേല്‍രത്‌ന നോമിനേഷന്‍ ലഭിച്ചേക്കുമെന്ന് കായികലോകം പ്രതീക്ഷിച്ചിരുന്നു.