സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലൻ്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം

Big win for Kerala against Nagaland in senior women's ODI cricket
Big win for Kerala against Nagaland in senior women's ODI cricket

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റിൽ നാഗാലൻ്റിനെതിരെ കേരളത്തിന് കൂറ്റൻ വിജയം. 209 റൺസിനാണ് കേരളം നാഗാലൻ്റിനെ തോല്പിച്ചത്. ക്യാപ്റ്റൻ ഷാനിയുടെ ഉജ്ജ്വല സെഞ്ച്വറിയും കീർത്തി ജെയിംസിൻ്റെ അഞ്ച് വിക്കറ്റ് നേട്ടവുമാണ് നാഗാലൻ്റിനെതിരെ കേരളത്തിന് ഗംഭീര  വിജയമൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 301 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാൻ്റ്  92 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.


ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ക്യാപ്റ്റൻ ഷാനിയും വൈഷ്ണയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 62 റൺസ് പിറന്നു. 18 റൺസെടുത്ത വൈഷ്ണ റണ്ണൌട്ടായെങ്കിലും പകരമെത്തിയ ദൃശ്യയും മികച്ച രീതിയിൽ ബാറ്റ് വീശി. ദൃശ്യയും ഷാനിയും ചേർന്ന് രണ്ടാം വിക്കറ്റിൽ 176 റൺസ് കൂട്ടിച്ചേർത്തു. ദൃശ്യ 91 പന്തുകളിൽ നിന്ന് 88 റൺസെടുത്തപ്പോൾ ഷാനി 121 പന്തുകളിൽ നിന്ന് 123 റൺസെടുത്തു. 17 ബൌണ്ടറികൾ അടങ്ങുന്നതായിരുന്നു ഷാനിയുടെ സെഞ്ച്വറി. ഇരുവരും അടുത്തടുത്ത് പുറത്തായെങ്കിലും തുടർന്നെത്തിയ അരുന്ധതി റെഡ്ഡിയും കീർത്തി ജെയിംസുമെല്ലാം ചേർന്ന് കേരളത്തിൻ്റെ സ്കോർ 301ൽ എത്തിച്ചു. അരുന്ധതി റെഡ്ഡി 22ഉം കീർത്തി ജെയിംസ് 24ഉം റൺസെടുത്തു.


വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നാഗാലൻ്റിന് ഒരു ഘട്ടത്തിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. മുൻനിര ബാറ്റർമാരെയെല്ലാം പുറത്താക്കി കീർത്തി ജെയിംസാണ് നാഗാലൻ്റ് ബാറ്റിങ് നിരയെ തകർത്തത്. അഞ്ച് ബാറ്റർമാരെയും ക്ലീൻ ബൌൾഡാക്കിയായിരുന്നു കീർത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം. ക്യാപ്റ്റൻ ഷാനി മൂന്ന് വിക്കറ്റുകളും മൃദുല ഒരു വിക്കറ്റും വീഴ്ത്തി. 30.2 ഓവറിൽ വെറും 92 റൺസിന് നാഗാലൻ്റ് ഓൾ ഔട്ടായി. 25 റൺസെടുത്ത സെൻ്റിലെംലയാണ് നാഗാലൻ്റിൻ്റെ ടോപ് സ്കോറർ

Tags