മെസിയുടെ സ്വഭാവത്തില്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു : ജെറോം റോഥന്‍
2022 ഖത്തര്‍ ലോകകപ്പ് കിരീടമണിഞ്ഞ ലയണല്‍ മെസിയുടെ സ്വഭാവത്തില്‍ ലോകകപ്പ് വിജയത്തിന് പിന്നാലെ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി മുന്‍ പി.എസ്.ജി ഡിഫന്‍ഡറും ഫ്രഞ്ച് സൂപ്പര്‍ താരവുമയ ജെറോം റോഥന്‍. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസിയും സംഘവും കിരീടം നേടിയത്.
എന്നാൽ വളരെ സൗമ്യനായ വ്യക്തിയായിരുന്ന മെസിക്ക് ലോക ചാമ്പ്യനായതിന് മാറ്റം സംഭവിച്ചതായി താരം ആരോപിച്ചു. ലോകകപ്പ് ക്വാളിഫയറിലെ അര്‍ജന്റീന – ബ്രസീല്‍ മത്സരത്തില്‍ മെസി ബ്രസീല്‍ താരം റോഡ്രിഗോയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് റോഥന്‍ ഇക്കാര്യം പറഞ്ഞത്.
‘അര്‍ജന്റീനക്കാര്‍ എന്താണോ, അതാണ് ആ ടീമിലൂടെ പ്രതിഫലിക്കുന്നത്. മറ്റൊരാള്‍ കാരണം നമ്മള്‍ വലുതാണ് എന്നതാണ് അര്‍ജന്റൈന്‍ ദേശീയതയുടെ ചിന്ത. അവര്‍ക്ക് കുറച്ചുകൂടി ക്ലാസ് ഉണ്ടായിരിക്കണം,’ റോഥന്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു.
2023ലെ ബാലണ്‍ ഡി ഓര്‍ ലയണല്‍ മെസി അര്‍ഹിച്ചിരുന്നില്ലെന്നും റോഥന്‍ അഭിപ്രായപ്പെട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജയന്‍ താരം എര്‍ലിങ് ഹാലണ്ടിനാണ് പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നത് എന്നും റോഥന്‍ പറഞ്ഞു.