മാരത്തണ്‍ ലോക റെക്കോര്‍ഡ് ജേതാവും പരിശീലകനും വാഹനാപകടത്തിൽ മരിച്ചു

google news
Kelvin Kiptum

നെയ്‌റോബി: മാരത്തണ്‍ ലോക റെക്കോര്‍ഡ് ജേതാവ് കെല്‍വിന്‍ കിപ്റ്റവും പരിശീലകന്‍ ഗര്‍വായിസ് ഹക്കിസിമാനയും വാഹനാപകടത്തില്‍ മരിച്ചു. തെക്ക് പടിഞ്ഞാറന്‍ കെനിയയിലെ കപ്താഗത്തില്‍ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. വാഹനത്തില്‍ കിപ്റ്റവും കോച്ചുമടക്കം മൂന്ന് പേരാണ് ഉണ്ടായിരുന്നത്. 

കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നും അപകടത്തില്‍ കിപ്റ്റവും ഹക്കിസിമാനയും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെനിയയുടെ ഏറ്റവും മികച്ച കായിക താരങ്ങളില്‍ ഒരാളാണ് കെല്‍വിന്‍ കിപ്റ്റം. മാരത്തണ്‍ ഓട്ടത്തില്‍ ലോക റെക്കോര്‍ഡിനും ഉടമയാണ് താരം. 2023 ഏപ്രിലില്‍ ലണ്ടന്‍ മാരത്തോണ്‍ മത്സരത്തില്‍ വിജയിച്ച കിപ്റ്റം ഒക്ടോബറിലാണ് ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനുള്ള കെനിയയുടെ താല്‍ക്കാലിക മാരത്തോണ്‍ ടീമിലും കിപ്റ്റം ഇടം നേടിയിരുന്നു.