രഞ്ജിയിൽ കേരളത്തിന് ഏഴ് റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്, രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശിന് മികച്ച തുടക്കം

In the Ranji, Kerala took a seven-run first innings lead and Madhya Pradesh got off to a good start in the second innings
In the Ranji, Kerala took a seven-run first innings lead and Madhya Pradesh got off to a good start in the second innings

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് ഏഴ് റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 167 റൺസിന് അവസാനിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്.

വിക്കറ്റ് പോകാതെ 54 റൺസെന്ന നിലയിൽ ബാറ്റ് ചെയ്യാനിറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മലിനെ നഷ്ടമായി. തൊട്ടടുത്ത ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ കൂടി വീണതോടെ നാലിന് 62 റൺസെന്ന നിലയിലായി കേരളം. രോഹൻ കുന്നുമ്മൽ 25ഉം അക്ഷയ് ചന്ദ്രൻ 22ഉം റൺസെടുത്ത് പുറത്തായപ്പോൾ ഷോൺ റോജർ ഒന്നും സച്ചിൻ ബേബി രണ്ടും റൺസെടുത്തു. സൽമാൻ നിസാറും മൊഹമ്മദ് അസറുദ്ദീനും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 78 റൺസ് പിറന്നു. എന്നാൽ ഇരുവരും അടുത്തടുത്ത സ്കോറുകളിൽ പുറത്തായത് കേരളത്തിന് തിരിച്ചടിയായി. സൽമാൻ നിസാർ 36ഉം മൊഹമ്മദ് അസറുദ്ദീൻ 34ഉം റൺസെടുത്തു.  തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൻ്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റിന് 167 റൺസന്ന നിലയിൽ അവസാനിച്ചു. പരിക്കേറ്റ ബാബ അപരാജിത്തിന് ബാറ്റിങ് പൂർത്തിയാക്കാനായില്ല. വെറും 27 റൺസിനിടെയാണ് കേരളത്തിൻ്റെ അവസാന അഞ്ച് വിക്കറ്റുകൾ വീണത്. മധ്യപ്രദേശിന് വേണ്ടി ആര്യൻ പാണ്ഡെയും അവേശ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം വീഴത്തിയപ്പോൾ സാരാംശ് ജെയിൻ രണ്ട് വിക്കറ്റുകൾ നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് ഓപ്പണർ ഗർഷ് ഗാവ്ലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ഹിമൻശു മന്ത്രിയും ശുഭം ശർമ്മയും ചേർന്നുള്ള കൂട്ടുകെട്ട് ഇന്നിങ്സ് മുന്നോട്ടു നീക്കി. ഹിമൻസു മന്ത്രി 31 റൺസെടുത്ത് പുറത്തായി. കളി നിർത്തുമ്പോൾ ശുഭം ശർമ്മ 46ഉം രജത് പട്ടീദാർ 50ഉം റൺസ് നേടി ക്രീസിലുണ്ട്

Tags