കേരള ക്രിക്കറ്റ് ലീഗ്: ആലപ്പി റിപ്പിള്‍സിന് മിന്നും വിജയം

Kerala Cricket League: Alleppey Ripples win brilliantly
Kerala Cricket League: Alleppey Ripples win brilliantly

തിരുവനന്തപുരം: ക്യാപ്റ്റന്‍ അസറുദ്ദീന്‍ മുന്നില്‍ നിന്നും പൊരുതിയ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് ആദ്യ ജയം. പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ തൃശ്ശൂര്‍ ടൈറ്റന്‍സിനെ 5 വിക്കറ്റിനാണ് ആലപ്പി റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. 

162 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആലപ്പി റിപ്പിള്‍സിനായി ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ 47 പന്തില്‍ നിന്നും നേടിയ 92 റണ്‍സാണ് വിജയമൊരുക്കിയത്. 9 സിക്‌സും 3 ഫോറും ഉള്‍പ്പടെ മിന്നുന്ന പ്രകടനമാണ് അസറുദ്ദീന്‍ കാഴ്ച്ചവെച്ചത്. ആദ്യ ഓവറില്‍ തന്നെ ഒരു റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദും 21 റണ്‍സെടുത്ത് അക്ഷയ് ശിവയും പുറത്തായി.

 തുടര്‍ന്ന് വിനൂപ് മനോഹരനും അസറുദ്ദീനും ചേര്‍ന്ന 84 റണ്‍സിന്റെ കൂട്ട്‌കെട്ട് ആലപ്പി റിപ്പിള്‍സിനെ വിജയത്തിലേക്ക് നയിച്ചു. വിനൂപ് മനോഹരന്‍ 27 പന്തില്‍ നിന്നും 30 റണ്‍സെടുത്തു. ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. 

ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂര്‍ ടൈറ്റന്‍സിന് തുടക്കത്തില്‍ തന്നെ 2 വിക്കറ്റ് നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ ഓപ്പണിങ്ങ് ബാറ്റര്‍ അഭിഷേക് പ്രതാപ് ആദ്യ ഓവറില്‍ തന്നെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ വരുണ്‍ നായനാര്‍ രണ്ടാമത്തെ ഓവറില്‍ വെറും ഒരു റണ്‍സിന് പുറത്തായി. 

അര്‍ജുന്‍ വേണുഗോപാലും അക്ഷയ് മനോഹറും ചേര്‍ന്ന് നടത്തിയ 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് തൃശ്ശൂര്‍ ടൈറ്റന്‍സിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ആലപ്പിക്ക് വേണ്ടി ആനന്ദ് ജോസഫ് 3ും ഫാസില്‍ ഫാനൂസ് 2ും ആല്‍ഫി ഫ്രാന്‍സിസ്, അക്ഷയ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി. 

കെസിഎല്ലിന്റെ ആദ്യ മത്സരം വിജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാനാകാത്തതില്‍ വിഷമമുണ്ടെങ്കിലും ടീമിന്റെ വിജയത്തോടെ അത് മറികടന്നു. എതിര്‍ ടീം 180 എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എതിര്‍ ടീമിനെ 161ല്‍ ഒതുക്കി അതിനൊരു മാറ്റമുണ്ടാക്കിയത് ആനന്ദ് ജോസഫിന്റെ സ്‌പെല്ലാണെന്നും അസറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. 

Tags