ക്ലബ്ബും നാട്ടുകാരും കൈകോര്‍ത്തു, കണ്ണപ്പിലാവിന് സ്വന്തം കളിസ്ഥലം ഒരുങ്ങി
kannaplavuplayground

കണ്ണൂര്‍ : പത്തുവര്‍ഷത്തോളമായി ഒരു ഗ്രാമത്തിലെ ക്ലബ്ബും നാട്ടുകാരും കളിസ്ഥലത്തിനു വേണ്ടി നടത്തിയ കഠിനാധ്വാനത്തിന് പരിസമാപ്തിയാവുകയാണ്. മെയ് 7ന് ഉദ്ഘാടനം നടക്കുന്നതോടെ പറശ്ശിനിക്കടവിന് അടുത്തുള്ള കണ്ണപ്പിലാവിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങാം.പതിറ്റാണ്ടുകളോളം കണ്ണപ്പിലാവിലേയും സമീപ പ്രദേശങ്ങളിലേയും കുട്ടികളുടെ കളിയിടമായിരുന്ന സ്ഥലം ഉടമയ്ക്ക് വിട്ടുകൊടുക്കേണ്ടിവന്നതോടെ സ്വന്തമായൊരു കളിസ്ഥലം എന്ന ആശയത്തിന് രൂപം നല്‍കുകകയും അതിനായി യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ രംഗത്തിറങ്ങുകയുമായിരുന്നു.

നാട്ടുകാരും പ്രവാസി സുഹൃത്തുക്കളും ക്ലബ്ബിന്റെ അഭ്യുദയകാംഷികളും കളിസ്ഥലമെന്ന സ്വപ്‌നത്തിന് ക്ലബ്ബിനൊപ്പം കൈകോര്‍ത്തപ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്‌നം യാഥാര്‍ഥ്യമായി. ക്ലബ്ബിനടുത്ത് 50 സെന്റ് സ്ഥലം വിലകൊടുത്തുവാങ്ങിശേഷം കളിസ്ഥലമായി മാറ്റിയെടുക്കുകയായിരുന്നു.25 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മൈതാനത്തിനായി സ്ഥലം വാങ്ങിയത്. പണം സ്വരൂപിക്കാനായി ക്ലബ്ബ് പ്രവര്‍ത്തകര്‍ പലവഴികളിലേക്കിറങ്ങിയപ്പോള്‍ നാട്ടുകാര്‍ അകമഴിഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. ചിട്ടി നടത്തിയും, നാട്ടുകാരില്‍ നിന്നും പ്രവാസികളില്‍ നിന്നും സംഭാവന സ്വീകരിച്ചും, ക്ലബ്ബ് അംഗങ്ങള്‍ ലോണെടുത്തുമൊക്കെ സ്ഥലം ഉടമയ്ക്ക് ആദ്യ ഗഡു നല്‍കിയാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തത്. സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ വലിയ ബാധ്യത കായിക പ്രേമികളുടെ പിന്തുണയോടെ മറികടക്കാന്‍ സാധിക്കുമെന്ന് ക്ലബ്ബ് പ്രതീക്ഷിക്കുന്നു.

രണ്ട് പതിറ്റാണ്ടിലേറെയായി കണ്ണപ്പിലാവിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമാണ് യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബ്. ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് കെട്ടിപ്പടുത്ത ഒരു സാംസ്‌കാരിക സ്ഥാപനം വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ സ്വന്തമായൊരു കളിസ്ഥലം നാട്ടുകാര്‍ക്കുവേണ്ടി സമര്‍പ്പിക്കുമ്പോള്‍ പ്രദേശവാസികള്‍ക്കെല്ലാം അതില്‍ അഭിമാനിക്കാം.മെയ് 7ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കെ വി ധനേഷും ദേശീയ താരമായിരുന്ന എന്‍ പി പ്രദീപും ചേര്‍ന്ന് മൈതാനം നാടിനായി സമര്‍പ്പിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റോടെ നീണ്ട ഇടവേളയ്ക്കുശേഷം കണ്ണപ്പിലാവില്‍ കളിയാരവങ്ങളും ഉയരുകയാണ്.

പി പി അജീര്‍ (സെക്രട്ടറി), രാജേഷ് കെ വി (പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. വിനോദ് ടി, അഭിലാഷ് ടി വി, സജേഷ് പി, ശ്രീഷ് സി വി, ബാബു എം, ദിവാകരന്‍ കെ എം, ഉമേഷ് സി, രാജേഷ് എന്‍ വി, സതീഷ് കെ കെ, ദിലീപ് കെ വി, നിതിന്‍ ഡി, അഖില്‍, അമല്‍ കെ എം, അതുല്‍, രഞ്ജിത്ത് എ കെ, നിഷാദ് കെ വി, ശാലു പി എന്നീ എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍ എല്ലാ സഹായവുമായി ഒപ്പമുണ്ട്.

Share this story