2019ലെ ഏകദിന ലോകകപ്പ് വിജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് തന്റെ അമ്പയറിങ് പിഴവ് ; തുറന്നുസമ്മതിച്ച് മുന്‍ അമ്പയര്‍

umpire

2019ലെ ഏകദിന ലോകകപ്പ് വിജയിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് തന്റെ അമ്പയറിങ് പിഴവാണെന്ന് തുറന്നുസമ്മതിച്ച് മുന്‍ അമ്പയര്‍ മറയ്‌സ് എറാസ്മസ്. അമ്പയറിങ് കരിയര്‍ അവസാനിപ്പിച്ച ശേഷം ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അന്ന് മത്സരം നിയന്ത്രിച്ചിരുന്ന താനും കുമാര്‍ ധര്‍മസേനയും ഇക്കാര്യം മനസ്സിലാക്കിയിരുന്നതായും അപ്പോള്‍ തന്നെ തെറ്റ് തുറന്ന് സമ്മതിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലണ്ട്  ന്യൂസിലന്‍ഡ് ഫൈനലിനിടെ ഇംഗ്ലീഷ് ടീമിന് മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ട ഘട്ടത്തില്‍ റണ്‍ ഓടിയെടുക്കുന്നതിന്നിടെ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി പന്ത് ബൗണ്ടറി കടന്നതായിരുന്നു സംഭവം. രണ്ടാം റണ്ണിന് ശ്രമിക്കുമ്പോഴായിരുന്നു ഇത്തരത്തില്‍ സംഭവിച്ചതെന്നതിനാല്‍ ഓടിയെടുത്ത രണ്ടും ഓവര്‍ത്രോയിലൂടെ ലഭിച്ച നാലും ചേര്‍ത്ത് ആറു റണ്‍സ് അമ്പയര്‍ ഇംഗ്ലണ്ടിന് അനുവദിച്ചു. എന്നാല്‍ ആറു റണ്ണിന് പകരം യഥാര്‍ഥത്തില്‍ അഞ്ചു റണ്‍സായിരുന്നു അവര്‍ക്ക് അനുവദിക്കേണ്ടിയിരുന്നത്, കാരണം ഫീല്‍ഡര്‍ പന്തെടുത്ത് എറിയുന്ന സമയത്ത് ബാറ്റര്‍മാര്‍ പരസ്പരം ക്രോസ് ചെയ്തിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.


ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 241 ല്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടെങ്കിലും സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചു. അതോടെ ബൗണ്ടറിയുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു. ഫൈനലില്‍ അമ്പയര്‍മാര്‍ക്ക് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി മുന്‍ അമ്പയറായ സൈമണ്‍ ടോഫല്‍ രംഗത്തെത്തിയിരുന്നു. അഞ്ചു റണ്‍സായിരുന്നു ശരിക്കും അനുവദിക്കേണ്ടിയിരുന്നതെന്ന് ആദ്യം പറഞ്ഞത് ടോഫലായിരുന്നു. ടോഫലിന്റെ ഈ പ്രസ്താവന അന്ന് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Tags