ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്
T20I match

ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.

ഇന്നത്തെ മത്സരം രാത്രി 8 മണിക്കാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും.പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്‍ക്കുകയാണിപ്പോള്‍.

ഫ്ലോറിഡയിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഞായറാഴ്ച പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ നടക്കും. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

മൂന്നാം ടി20യില്‍ ബാറ്റിംഗിനിടെ പരുക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമെന്നകാര്യം ഉറപ്പായി.

Share this story