തുടർച്ചയായ രണ്ടാം ഐ-ലീഗ് കിരീടം; ചരിത്രമെഴുതി ഗോകുലം
gokulam

തുടർച്ചയായ രണ്ടാം തവണ ഐ-ലീഗ് കിരീടം നേടി കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ ഗോകുലം എഫ്സി. ഇതാദ്യമായാണ് ഐലീഗിന്റെ തുടർച്ചയായ രണ്ട് സീസണുകളിൽ ഒരു ടീം ജേതാക്കളാവുന്നത്. ശനിയാഴ്ച നടന്ന അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകർത്താണ് ഗോകുലത്തിന്റെ കിരീട നേട്ടം.

സീസണിലെ 18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഇത്തവണ ഐ ലീഗ് കിരീടം നേടിയത്.

മുഹമ്മദൻസിനെതിരായ മത്സരത്തിൽ 49ാം മിനുറ്റിൽ റിഷാദും 61ാം മിനുറ്റിൽ എമില്‍ ബെന്നിയും ഗോകുലത്തിനായി ഗോളുകള്‍ നേടി. 57ാം മിനുറ്റിൽ അസ്ഹറുദ്ദീന്‍ മാല്ലിക്ക് മുഹമ്മദന്‍സിനു വേണ്ടി ഗോൾ നേടി.

2020-21 സീസണിലെ കിരീട നേട്ടത്തിന് പിറകെയാണ് ഈ സീസണിലും ഗോകലും ഐലീഗ് ജേതാക്കളാവുന്നത്. 2020-21 സീസണിലെ കിരീട നേട്ടത്തോടെ ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടവും ഗോകുലം സ്വന്തമാക്കിയിരുന്നു.

ശ്രീനിധി ഡെക്കാനെതിരായ മത്സരത്തിലെ പരാജയത്തെത്തുടർന്ന് കിരീട നേട്ടത്തിന് ജയമോ സമനിലയോ അനിവാര്യമെന്ന നിലയിലാണ് ഗോകുലും മുഹമ്മദൻസിനെ നേരിടാനിറങ്ങിയത്. 40 പോയിന്റുള്ള ഗോകുലത്തിന് തോൽവി ഒഴിവാക്കിയാൽ കിരീട നേട്ടം ഉറപ്പാണെന്ന അവസ്ഥയായിരുന്നെങ്കിൽ 37 പോയിന്റുള്ള മുഹമ്മദൻസിന് കിരീടത്തിലേക്കെത്താൻ ഗോകുലത്തിനെതിരെ മികച്ച വിജയം അനിവാര്യമായിരുന്നു. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

Share this story