പുരുഷ ടോയ്‌ലറ്റിൽ വനിതാ കബഡി താരങ്ങൾക്ക് ഭക്ഷണം, സ്‌പോർട്‌സ് ഓഫീസറെ പുറത്താക്കി ഉത്തർപ്രദേശ്

google news
uthar

മീററ്റ്: ഉത്തര്‍പ്രദേശില്‍ വനിതാ കബഡി താരങ്ങള്‍ക്ക് പുരുഷ ടോയ്‌ലറ്റില്‍ ഭക്ഷണം നല്‍കി. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഡോ.ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവമരങ്ങേറിയത്. സബ് ജൂനിയര്‍ കബഡി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറിലധികം വനിതാ കായിക താരങ്ങള്‍ക്കാണ് അധികൃതര്‍ പുരുഷ ടോയ്‌ലറ്റില്‍ നിലത്ത് ഭക്ഷണം വിളമ്പിയത്‌.

17 ടീമുകളില്‍ നിന്നുള്ള ഇരുന്നൂറോളം താരങ്ങള്‍ ടോയ്‌ലറ്റിലിരുന്ന ഭക്ഷണം കഴിക്കുന്ന രംഗങ്ങള്‍ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി. സെപ്റ്റംബര്‍ 16 മുതല്‍ 18 വരെയാണ് ടൂര്‍ണമെന്റ് നടന്നത്.

ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. സംഭവുമായി ബന്ധപ്പെട്ട് സഹാറന്‍പുരിലെ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേനയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അനിമേഷിനെതിരേ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. താരങ്ങള്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം നടത്തിയ കരാറുകാരനെതിരെയും അന്വേഷണം ആരംഭിക്കും.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, വരുണ്‍ ഗാന്ധി, കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ രംഗത്തെത്തി. ഈ സംഭവം നാടിന് നാണക്കേടാണെന്നാണ് വരുണ്‍ ഗാന്ധി കുറിച്ചത്. കായികതാരങ്ങളെ ഇങ്ങനെ പരിഗണിച്ചാല്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ എങ്ങനെ സ്വര്‍ണമെഡല്‍ ലഭിക്കുമെന്ന് കേജ്രിവാള്‍ ചോദിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നവ്‌നീത് സെഹ്ഗാല്‍ വ്യക്തമാക്കി. ഇത്തരം നീചമായ പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശ് സ്‌പോര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.പി.സിങ്ങിനെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു മാസത്തിനകം സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags