എട്ടാം എഫ്എ കപ്പ് കിരീടമുയര്‍ത്തി ലിവര്‍പൂള്‍
fa cup final liverpool winner

ഇംഗ്ലീഷ് എഫ്എ കപ്പ് ലിവര്‍പൂളിന്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ലിവര്‍പൂള്‍ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ ചലഞ്ച് കിരീടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുന്നത്. വെംബ്ലിയില്‍ നടന്ന പോരാട്ടത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

ഷൂട്ടൗട്ടില്‍ ചെല്‍സിക്കു വേണ്ടി രണ്ടാം കിക്കെടുത്ത ക്യാപ്റ്റന്‍ സെസാര്‍ അസ്പിലിക്വെറ്റയുടെ കിക്ക് ഗോള്‍ വലയില്‍ എത്താതെ പോയത് ചെല്‍സിക്ക് ആദ്യ തിരിച്ചടിയായി. ആദ്യ നാല് കിക്കുകളും ഗോള്‍ വലയില്‍ എത്തിച്ച ലിവര്‍ പൂളിന്റെ അഞ്ചാം കിക്ക് കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി തടഞ്ഞതോടെ സഡന്‍ ഡത്തിലേക് നീങ്ങുകയായിരുന്നു.

സഡന്‍ ഡത്തില്‍ ചെല്‍സിയുടെ മേസണ്‍ മൗണ്ടെടുത്ത രണ്ടാമത്തെ കിക്കിനെ ഗോളി അലിസന്‍ ബെക്കര്‍ പ്രതിരോധിച്ചു. ലിവര്‍പൂളിന്റെ കോസ്റ്റാസ് സിമിക്കസ് അടുത്ത കിക്കില്‍ പന്ത് ഗോള്‍വലയില്‍ എത്തിച്ചതോടെ ചെമ്പട കിരീടമുയര്‍ത്തി.എഫ്എ കപ്പ് ഫൈനലില്‍ ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി ആണിത്. ലിവര്‍പൂള്‍ ഈ സീസണില്‍ രണ്ടാം കിരീടമാണ് ഉയര്‍ത്തുന്നത്.

Share this story