ഡിപി വേള്‍ഡ് ഐഎല്‍ടി20 പ്രേക്ഷകരെ വര്‍ധിപ്പിക്കാന്‍ സീ എന്‍റര്‍ടൈന്‍മെന്‍റ്

Sea Entertainment to increase audience for DP World ILT20
Sea Entertainment to increase audience for DP World ILT20

 കൊച്ചി: ആഗോള ക്രിക്കറ്റ് ലീഗായ ഡിപി വേള്‍ഡ് ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യുടെ (ഐഎല്‍ടി20) ഔദ്യോഗിക ബ്രോഡ്‌കാസ്റ്റിംഗ് പങ്കാളിയായ സീ എന്‍റര്‍ടൈന്‍മെന്‍റ് എന്‍റര്‍പ്രൈസസ്  2025 ജനുവരി 11 മുതല്‍ ആരംഭിക്കുന്ന മൂന്നാം സീസണു വേണ്ടിയുള്ള പദ്ധതികള്‍ അവതരിപ്പിച്ചു. 34 മല്‍സരങ്ങളുള്ള ഐഎല്‍ടി20 ടൂര്‍ണമെന്‍റ് 2025 ഫെബ്രുവരി 9 വരെ ഒരു മാസമായിരിക്കും ഉണ്ടാകുക. 

ദക്ഷിണേന്ത്യന്‍ ചാനലുകളിലൂടെ ഉള്‍പ്പെടെയുള്ള 230 ദശലക്ഷം പ്രേക്ഷകരെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. സീ എന്‍റര്‍ടൈന്‍മെന്‍റിന്‍റെ 15 ലീനിയര്‍ ചാനലുകളില്‍ ലൈവായി ഐഎല്‍ടി20 കാണാം.  കൂടാതെ ഒടിടി പ്ലാറ്റ്ഫോമായ സീ5 ലും സൗജന്യമായി ലഭിക്കും.

ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വിപണികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കഴിഞ്ഞ സീസണിൽ ലഭിച്ചത്.  ഇത്തവണത്തെ ടൂര്‍ണമെന്‍റിനായി നാല്‍പ്പതോളം ചാനലുകളില്‍ ഓണ്‍ എയര്‍ പ്രമോഷനാണ് നടക്കുന്നത്.  പ്രേക്ഷകരെ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഡിപി വേള്‍ഡ് ഐഎല്‍ടി ദക്ഷിണേന്ത്യന്‍ ചാനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

സാധാരണ നിലയിലുള്ള നാലു പേരുടെ സ്ഥാനത്ത് ഒന്‍പത് അന്താരാഷ്ട്ര കളിക്കാരെ ഉള്‍പ്പെടുത്താനാവുമെന്നതാണ് ഡിപി വേള്‍ഡ് ഐഎല്‍ടി 20യുടെ സവിശേഷതയെന്ന് ഡിപി വേള്‍ഡ് ഐഎല്‍ടി 20 സിഇഒ ഡേവിഡ് വൈറ്റ് പറഞ്ഞു. ഹോം ആന്‍റ് എവേ രീതിയിലല്ല ഇതെന്നതും ഈ ടൂര്‍ണമെന്‍റിന്‍റെ സവിശേഷതയാണ്.   ഷാര്‍ജ, ദുബായ്, അബുദാബി എന്നീ മൂന്നു വേദികളും എല്ലാ ടീമുകള്‍ക്കും ഹോം ആയി അനുഭവപ്പെടും. ആകര്‍ഷകമായ സ്റ്റേഡിയങ്ങള്‍, മികച്ച കാലാവസ്ഥ, കളിക്കാര്‍ക്ക് സൗകര്യപ്രദമായ പശ്ചാത്തലം തുടങ്ങിയവ ഈ വേദികളുടെ സവിശേഷതകളാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു പുറത്തുള്ള ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ ടൂര്‍ണമെന്‍റാണ് ഐഎല്‍ടി20. ദുബായിയെ ഒരു കായിക കേന്ദ്രമാക്കാനായി തങ്ങള്‍ സീയുമായി ചേർന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ലീഗില്‍ അടുത്ത മാസം സെപ്റ്റംബര്‍ 15-ന് പുതിയ സൈനിങുകള്‍ പ്രഖ്യാപിക്കും. സുനില്‍ നരൈന്‍, ആന്ദ്രേ റസ്സല്‍, ഡേവിഡ് വാര്‍ണര്‍, ജാക്ക് ഫ്രേസര്‍, മക്‌ഗുര്‍ക്ക്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍ തുടങ്ങിയ കളിക്കാരുടെ സാന്നിധ്യം ഇത്തവണയുണ്ടാകും.  ലീഗിൽ മൊത്തത്തിൽ രജിസ്റ്റർ ചെയ്ത 60,000 ക്രിക്കറ്റ് താരങ്ങളുണ്ട്.

34 മാച്ചുകളിലായി ആറു ടീമുകളാണ് ഫ്രാഞ്ചൈസി രീതിയിലെ ഡിപി വേള്‍ഡ് ഐപിഎല്‍ ടി20 ടൂര്‍ണമെന്‍റില്‍ ഉണ്ടാകുക. അബുദാബി നൈറ്റ് റൈഡേഴ്‌സ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ഡെസര്‍ട്ട് വൈപേഴ്‌സ് (ലാന്‍സര്‍ കാപിറ്റല്‍), ദുബായ് കാപിറ്റല്‍സ് (ജിഎംആര്‍), ഗള്‍ഫ് ജെയിന്‍റ്സ് (അദാനി സ്പോര്‍ട്ട് ലൈന്‍), എംഐ എമിറേറ്റ്സ് (റിലയന്‍സ് ഇന്‍ഡസ്ട്രീസ്), ഷാര്‍ജ വാരിയേഴ്‌സ് (കാപ്രി ഗ്ലോബല്‍) എന്നിവയാണ് ആറു ഫ്രാഞ്ചൈസി ടീമുകള്‍.

Tags