ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി

bajrang punia

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ നൽകാത്തതിനാലാണ് ടോക്കിയോ ഒളിമ്പിക്സ് മെഡൽ ജേതാവും ദേശീയ ഗുസ്തി താരവുമായ ബജ്‌റംഗ് പൂനിയയെ സസ്‌പെൻഡ് ചെയ്തത്. താരത്തിന് മേൽ മാർച്ചിൽ ഏർപ്പെടുത്തിയ സസ്പെൻഷനാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി താരത്തിനെതിരെ വിലക്കേർപ്പെടുത്തിയശേഷം അന്താരാഷ്‌ട്ര ഗുസ്തി സംഘടന യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും നടപടി സ്വീകരിച്ചിരുന്നു. മാർച്ച് 10 ന് ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള സോനെപത്തിൽ നടന്ന ട്രയൽസിനിടെ മൂത്രസാമ്പിൾ നൽകാതെ ബജ്‌റംഗ് വേദി വിട്ട സംഭവത്തെ തുടർന്നാണ് സസ്പെൻഷൻ ഏർപ്പെടുത്തിയിരുന്നത്.

എന്നാൽ സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ വിശദീകരണം. കഴിഞ്ഞ വർഷം തനിക്ക് ലഭിച്ച കാലഹരണപ്പെട്ട ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ച് താൻ നൽകിയ പരാതിക്ക് മറുപടി കിട്ടാത്തതിനാലാണ് ടെസ്റ്റ് ബഹിഷ്കരിച്ചതെന്നും പൂനിയ പറഞ്ഞു. ഈ വിശദീകരണം കണക്കിലെടുത്താണ് വിഷയത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ താത്കാലികമായി താരത്തിന്റെ സസ്‌പെൻഷൻ ദേശീയ ഉത്തേജ വിരുദ്ധ ഏജൻസി പിൻവലിച്ചത്.

Tags