അഞ്ച് വിക്കറ്റ് വീഴ്ത്തി അബ്ദുൾ ബാസിദ് കളിയിലെ താരമായി

Abdul Basid became the man of the match by taking five wickets
Abdul Basid became the man of the match by taking five wickets


വിജയത്തുടക്കത്തിന് ട്രിവാൺഡ്രം റോയൽസ് കടപ്പെട്ടിരിക്കുന്നത് ക്യാപ്റ്റൻ അബ്ദുൾ ബാസിദിനോടാണ്. ആദ്യ മല്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് നേട്ടവും നിർണ്ണായക റൺസുകളുമായാണ് അബ്ദുൾ ബാസിദ് ടീമിന് വിജയം ഒരുക്കിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടു കൊടുത്താണ് അബ്ദുൾ ബാസിദ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 12 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും അടക്കം 18 റൺസും. രണ്ടും റോയൽസിന്‍റെ വിജയത്തിൽ നിർണ്ണായകമായി.

ടോസ് നേടിയ ട്രിവാൺഡ്രം റോയൽസിന്‍റെ ക്യാപ്റ്റൻ എതിരാളികളായ കൊച്ചിയെ ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. ആദ്യ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും കൊച്ചി ഭേദപ്പെട്ടൊരു സ്കോറിനായി അടിത്തറ ഇടുമ്പോഴാണ് അബ്ദുൾ ബാസിദ് ആദ്യ പ്രഹരം ഏല്പിച്ചത്. ഷോൺ റോജറെ പുറത്താക്കി ആദ്യ വിക്കറ്റ്. ടൂർണ്ണമെന്‍റിലെ കൌമാര വിസ്മയം ജോബിൻ ജോബിയായിരുന്നു ബാസിദിന്‍റെ അടുത്ത ഇര. 34 പന്തിൽ 48 റൺസുമായി അർദ്ധ സെഞ്ച്വറിയിലേക്ക് ബാറ്റ് വീശുകയായിരുന്ന ജോബിനെ ബാസിദ്, അഖിലിന്‍റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റിന് 74 റൺസെന്ന നിലയിലായിരുന്ന കൊച്ചിയുടെ തകർച്ച തുടങ്ങിയത് ഇവിടെ നിന്നായിരുന്നു.

രഞ്ജി ട്രോഫി താരവും ഓൾറൌണ്ടറുമായ സിജോമോൻ ജോസഫ്, ഇന്ത്യൻ അണ്ടർ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൊഹമ്മദ് എനാൻ, ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു  ബാസിദിന്‍റെ അടുത്ത ഇരകൾ. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും അബ്ദുൾ ബാസിദിന്‍റെ പേരിലായി. മല്സരത്തിൽ കൊച്ചി പിടിമുറുക്കുന്നു എന്ന് തോന്നിച്ച ഘട്ടങ്ങളിലെല്ലാം ക്യാപ്റ്റനെന്ന നിലയിൽ ബാസിദ് എടുത്ത തീരുമാനങ്ങളും ശ്രദ്ധേയമായി. ബൌളിങ്ങിലും ഫീൽഡിങ്ങിലും വരുത്തിയ മാറ്റങ്ങൾ കൊച്ചിയുടെ ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടി. മറുപടി ബാറ്റിങ്ങിൽ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാൻ റോയൽസ് പാടുപെടുമ്പോഴായിരുന്നു ബാസിദ് ക്രീസിലെത്തിയത്. ഫോറും സിക്സുമായി ഗോവിന്ദ് പൈയ്ക്കൊപ്പം ചേർന്ന് സ്കോറിങ്ങിന്‍റെ വേഗം കൂട്ടിയ ബാസിദിന്‍റെ ഇന്നിങ്സാണ് റൺറേറ്റ് മികവിൽ ട്രിവാൺഡ്രം റോയൽസിന് വിജയം ഒരുക്കിയത്.

കഴിഞ്ഞ മൂന്ന് സീസണുകളിൽ സംസ്ഥാനത്തിനായി സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് ബാസിദ്. കൂറ്റനടികളിലൂടെ സ്കോർ ഉയർത്തുന്ന ബാസിദ് ബാറ്റിങ്ങിലും ടീമിന്‍റെ നെടുംതൂണാണ്. 2023ലെ ഐപിഎൽ സീസണിൽ അബ്ദുൾ ബാസിദ് രാജസ്ഥാൻ റോയൽസ് ടീമിൽ ഇടം പിടിച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണിൽ ആരാധകർ ഉറ്റു നോക്കുന്ന ഏതാനും താരങ്ങളിൽ ഒരാൾ കൂടിയാണ് അബ്ദുൾ ബാസിദ്.

Tags