തോമസ് കപ്പ് ബാഡ്‌മിന്റൺ; ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങും

google news
india7

തായ്‌ലാൻഡ്: തോമസ് കപ്പ് ബാഡ്‌മിന്റണിൽ ഇന്ത്യയ്‌ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്‌ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യൻമാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഡെൻമാർക്കിനെ 3-2ന് തോൽപിച്ചാണ് ഇന്ത്യ തോമസ് കപ്പ് ഫൈനലിൽ കടന്നത്. അവസാന സിംഗിൾസിൽ വിജയം നേടിയ മലയാളി താരം എച്ച്എസ് പ്രണോയിയായിരുന്നു ഇന്ത്യയുടെ ഹീറോ.

5 തവണ ചാമ്പ്യൻമാരായ മലേഷ്യയെ ഇന്ത്യ വീഴ്‌ത്തിയപ്പോഴും പ്രണോയ് തന്നെയായിരുന്നു ഹീറോ. തിരുവനന്തപുരം സ്വദേശിയായ പ്രണോയ് നിലവിൽ ബാഡ്‌മിന്റണിൽ രാജ്യത്തെ രണ്ടാം നമ്പർ താരമാണ്. അതേസമയം, ജപ്പാനെ തോൽപ്പിച്ചാണ് ഇന്തോനേഷ്യ ഫൈനലിൽ പ്രവേശിച്ചത്. അന്തോണി സിനിസുക ജീൻഡിംഗ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളാണ് ഇന്തോനേഷ്യയുടെ കരുത്ത്.

ലക്ഷ്യാ സെൻ, കെ ശ്രീകാന്ത്, എച്ച്എസ് പ്രണോയ് എന്നിവർ സിംഗിൾസിലും, ഡബിൾസിൽ സാത്വികാ റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി, കൃഷ്‌ണപ്രസാദ് ഗരാഗ-വിഷ്‌ണു വർധൻ പഞ്ചാല ജോഡികളുമാണ് കന്നി ഫൈനലിനിറങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുക.

Tags