ഇന്ത്യ ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും
india

ഇന്ത്യ ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

മൊഹാലിയിലാണ് കളിയെങ്കിലും രോഹിത് ശര്‍മ്മയുടെയും ആരോണ്‍ ഫിഞ്ചിന്റേയും മനസ് അടുത്തമാസം തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിലാണ്. ലോകകപ്പിന് മുമ്പ് ടീമിലെ കുറ്റവും കുറവും കണ്ടെത്താനും പരിഹാരിക്കാനുമുളള അവസരം. ഏഷ്യാ കപ്പിലെ തിരിച്ചടികളില്‍ നിന്ന് കരകയറാനിറങ്ങുന്ന ഇന്ത്യക്ക് വിരാട് കോലി സെഞ്ചുറി വരള്‍ച്ച അസാനിപ്പിച്ചതും പേസര്‍മാരായ ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേലും പരിക്ക് മാറി തിരിച്ചെത്തിയതും കരുത്താവും. ട്വന്റി 20യില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കുന്നത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റു പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. 

ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ മങ്ങിയ ഫോമും സ്റ്റീവ് സ്മിത്തിന്റെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റുമാണ് ഓസീസിന്റെ ആശങ്ക. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ അഭാവത്തില്‍ ഓസീസ് ടീമില്‍ കാര്യമായ മാറ്റമുണ്ടാവും. 2020 ഡിസംബറിന് ശേഷം ഇരുടീമും ട്വന്റി 20യില്‍ ഏറ്റുമുട്ടിയിട്ടില്ല. ഒടുവില്‍ ഓസ്‌ട്രേലിയയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്കായിരുന്നു പരമ്പര. 2019ല്‍ ഇന്ത്യയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്‌ട്രേലിയയും പരമ്പര സ്വന്തമാക്കി. മൊഹാലിയില്‍ നടന്ന പതിനൊന്ന് ട്വന്റി 20യില്‍ ഏഴിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീം. ഇതുകൊണ്ടുതന്നെ ഇന്നും ടോസ് നിര്‍ണായകാവും. 

Share this story