സ്റ്റീപ്ൾ ചേസിൽ അവിനാശിന് വെള്ളി; ബോക്സിങ്ങിൽ രണ്ടു ഇന്ത്യൻ താരങ്ങൾ ഫൈനലിൽ
Avinash

ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ ഇന്ത്യയുടെ അവിനാശ് സാബ് ലേക്ക് വെള്ളി. ബോക്സിങ്ങിൽ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ അമിത് പംഗലും വനിത മിനിമം വെയ്റ്റിൽ നിതു ഗംഗാസും ഫൈനലിൽ കടന്നു.

8.11.20 മിനിറ്റിലാണ് താരം 3000 മീറ്റർ പൂർത്തിയാക്കിയത്. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനവും ദേശീയ റെക്കോർഡുമാണിത്. ഈ ഗെയിംസിൽ അത് ലറ്റികിൽ ഇന്ത്യയുടെ നാലാമത്തെ മെഡലാണിത്. നേരത്തെ, ഹൈ ജംപിൽ തേജശ്വിൻ ശങ്കർ വെങ്കലവും ലോങ് ജംപിൽ എം. ശ്രീശങ്കർ വെള്ളിയും 10 കിലോമീറ്റർ നടത്തത്തിൽ പ്രിയങ്ക വെള്ളിയും നേടിയിരുന്നു.

സ്റ്റീപ്ൾ ചേസിൽ കെനിയയുടെ അബ്രഹാം കിബിവോട്ടിനാണ് സ്വർണം. 8.11.15 മിനിറ്റ്. കെനിയയുടെ തന്നെ അമോസ് സിറം വെങ്കലം നേടി. അടുത്തിടെ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇതേ വിഭാഗത്തിൽ പതിനൊന്നാമനായാണ് അവിനാശ് ഫിനിഷ് ചെയ്തത്.

Share this story