റണ്ണൊഴുക്ക് വിമര്‍ശനം ; മറുപടി നല്‍കി സൂര്യകുമാര്‍

google news
surya kumar

ഡെത്ത് ഓവറുകളില്‍ ടീം ഇന്ത്യ അധികം റണ്‍സ് വിട്ടുകൊടുക്കുന്നെന്ന ആക്ഷേപങ്ങള്‍ക്കിടെ ബൗളര്‍മാരെ പ്രതിരോധിച്ച് സൂര്യകുമാര്‍ യാദവ്. ഏത് സമയത്തും എതിരാളികളെ വിറപ്പിക്കാന്‍ പോന്നയാളാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഹര്‍ഷല്‍ പട്ടേലിന്റെ പന്തുകളും മികച്ചതാണെന്നും ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. ആദ്യ ടി20യില്‍ അക്‌സര്‍ പട്ടേല്‍ ഒഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാരെല്ലാം അടിവാങ്ങിക്കൂട്ടിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. 

മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ 208 റണ്‍സ് നേടിയിട്ടും ഇന്ത്യന്‍ ബൗള!ര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാനായിരുന്നില്ല. നാലോവര്‍ വീതമെറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ 52 ഉം ഹര്‍ഷല്‍ പട്ടേല്‍ 49 ഉം റണ്‍സ് വിട്ടുനല്‍കിയത് തിരിച്ചടിയായി. ഡെത്ത് ഓവറില്‍ നിന്ന് അടിവാങ്ങിയ ഇരുവര്‍ക്കും മത്സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്തായില്ല. രണ്ട് ഓവറില്‍ ഉമേഷ് യാദവ് 27ഉം ഹാര്‍ദിക് പാണ്ഡ്യ 22 ഉം റണ്‍സ് വിട്ടുനല്‍കിയതും കനത്ത നാണക്കേടായി. 3.2 ഓവറില്‍ യുസ്‌വേന്ദ്ര ചാഹല്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍ നാല് ഓവറില്‍ 17ന് മൂന്ന് പേരെ മടക്കിയ അക്‌സര്‍ പട്ടേലിന് മാത്രമാണ് തിളങ്ങാനായത്. ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ഓസീസ് മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. 

Tags