പ്രീമിയർ ലീഗ്; ഹാട്രിക് നേട്ടവുമായി റൊണാൾഡോ, യുണൈറ്റഡിന് ജയം
pl

ഓൾഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ നോര്‍വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഹാട്രിക്ക് നേട്ടവുമായി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി വിജയത്തിലേക്ക് നയിച്ച് ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ. ഹാട്രിക്കോടെ റൊണാള്‍ഡോ ഈ സീസണിലെ യുണൈറ്റഡിനായുള്ള 21ആം ഗോള്‍ നേടി. നേരത്തെ സ്‌പർസിനെതിരെയും താരം ഹാട്രിക്ക് നേടിയിരുന്നു.

ഏഴാം മിനിട്ടില്‍ തന്നെ യുണൈറ്റഡ് മൽസരത്തില്‍ ലീഡ് എടുത്തു. എലാങ്ക നോര്‍വിച് ഡിഫന്‍സില്‍ നിന്ന് പന്ത് പിടിച്ചു വാങ്ങി റൊണാള്‍ഡോക്ക് നല്‍കുകയായിരുന്നു. റൊണാള്‍ഡോ അനായാസം പന്ത് വലയില്‍ എത്തിച്ചു. 32ആം മിനിട്ടില്‍ റൊണാള്‍ഡോ തന്നെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഹെഡ്ഡറിലൂടെയായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍ പിറന്നത്.

എന്നാല്‍ ഒരു ഘട്ടത്തില്‍ 2 ഗോളിന്റെ ലീഡിന് മുന്നില്‍ നിന്ന യുണൈറ്റഡ് പിന്നീട് രണ്ട് ഗോളുകള്‍ വഴങ്ങി കളി കൈവിട്ടെങ്കിലും 76ആം മിനിറ്റില്‍ വീണ്ടും വലകുലുക്കി റൊണാള്‍ഡോ യുണൈറ്റഡിനെ ഒരിക്കല്‍ കൂടി രക്ഷിച്ചു. ഫ്രീകിക്കില്‍ നിന്നായിരുന്നു റൊണാൾഡോയുടെ ഹാട്രിക്ക് ഗോള്‍. ജയത്തോടെ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് 54 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തെത്തി.

Share this story