മത്സരങ്ങളിൽ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

google news
Minister V Abdurahiman

തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ നിന്നുള്ള വരുമാനം കായികമേഖലയ്ക്ക് പ്രയോജനപ്പെടണമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. സംഘാടകര്‍ അതിന് തയ്യാറാകണം. ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ മുഴുവൻ സൗകര്യങ്ങളും പിന്തുണയും നല്‍കാറുണ്ട്. കോര്‍പ്പറേഷന്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള ഇളവുകള്‍ക്ക് അനുസരിച്ച് കായികലോകത്തിന് വേണ്ട കാര്യങ്ങള്‍ പകരം നല്‍കാന്‍ തയ്യാറാകണമെന്നും വി അബ്ദുറഹിമാന്‍ കൂട്ടിച്ചേർത്തു.

കേരളത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നെത്തുന്നത് സന്തോഷമുള്ള കാര്യമാണ്. സ്‌റ്റേഡിയത്തിന്റെ പരിപാലനവും മറ്റും നല്ലനിലയില്‍ നിര്‍വഹിക്കപ്പെടാത്തത് ആശങ്കയാണ്. ഓരോ മത്സരത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും കേരള ക്രിക്കറ്റ് അസോസിയേഷനും കോടിക്കണക്കിനു രൂപ വരുമാനമായി ലഭിക്കും. ഇതില്‍ നിന്ന് ന്യായമായ തുക സ്‌റ്റേഡിയത്തിന്റെ പരിപാലനത്തിനും മറ്റുമായി ചെലവഴിക്കപ്പെടുന്നില്ല. 2027 വരെയാണ് കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡിന് സ്‌റ്റേഡിയത്തിനുമേല്‍ അവകാശമുള്ളത്. അവര്‍ സ്‌റ്റേഡിയം പരിപാലിക്കുന്നതില്‍ കനത്ത വീഴ്ചയാണ് വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.

മത്സര വരുമാനത്തില്‍ നിന്ന് നാടിന് പ്രയോജനപ്പെടുന്ന തരത്തില്‍ ഒരു തുകയും വിനിയോഗിക്കപ്പെടുന്നില്ല. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കായികതാരങ്ങള്‍ക്ക് ധനസഹായം, ഇവര്‍ക്ക് സൗജന്യ പരിശീലനത്തിന് അവസരം, പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് ചികിത്സാസഹായം, അവശ കായികതാരങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് തുക കണ്ടെത്തേണ്ടതുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ നല്ല പങ്ക് അതത് നാടിന്റെ കായികവികസനത്തിന് ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags