ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
india

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നനഞ്ഞ ഔട്ട്ഫീല്‍ഡ് മൂലം 8 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 91 റണ്‍സ് വിജലക്ഷ്യം 2 പന്തും 6 വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു. 20 പന്തുകളില്‍ 46 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഓസ്‌ട്രേലിയക്കായി ആദം സാമ്പ 2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ രോഹിത് ശര്‍മ രണ്ടും ലോകേഷ് രാഹുല്‍ ഒരു സിക്‌സറും നേടിയതോടെ ഓവറില്‍ പിറന്നത് 20 റണ്‍സ്. കമ്മിന്‍സ് എറിഞ്ഞ രണ്ടാം ഓവറിലും രോഹിത് പന്ത് നിലം തൊടാതെ അതിര്‍ത്തികടത്തി. ഓവറില്‍ 10 റണ്‍സ്. ആദം സാമ്പ എറിഞ്ഞ മൂന്നാം ഓവറില്‍ രോഹിതിന്റെ മൂന്നാം സിക്‌സ്. എന്നാല്‍, ഓവറിലെ അഞ്ചാം പന്തില്‍ ലോകേഷ് രാഹുലിനെ (10) ക്ലീന്‍ ബൗള്‍ഡാക്കി സാമ്പ ഓസ്‌ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കി. ഡാനിയല്‍ സാംസ് എറിഞ്ഞ അടുത്ത ഓവറില്‍ രോഹിതും കോലിയും ഓരോ ബൗണ്ടറി വീതം നേടി. ആ ഓവറില്‍ 11 റണ്‍സ് പിറന്നു.

അഞ്ചാം ഓവര്‍ എറിഞ്ഞ സാമ്പയെ ആദ്യ പന്തില്‍ കോലി ബൗണ്ടറിയടിച്ചെങ്കിലും അടുത്ത രണ്ട് പന്തുകളില്‍ കോലിയെയും (11) സൂര്യകുമാര്‍ യാദവിനെയും (0) മടക്കിയ സാമ്പ ഓസീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. കോലിയുടെ സ്റ്റമ്പ് തെറിപ്പിച്ച സാമ്പ സൂര്യയെ വിക്കറ്റിനു മുന്നില്‍ കുരുക്കി.
ഒരു വശത്ത് വിക്കറ്റുകള്‍ കടപുഴകുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യയെ മുന്നോട്ടുനയിച്ചു. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഏഴാം ഓവറിലെ അഞ്ചാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ (9) കൂടി മടങ്ങിയതോടെ ഇന്ത്യ പതറി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ അവസാന ഓവറിലെ 9 റണ്‍സ് വിജയക്ഷ്യം ഒരു സിക്‌സറും ബൗണ്ടറിയുമായി ആദ്യ രണ്ട് പന്തുകളില്‍ പൂര്‍ത്തിയാക്കിയ ദിനേഷ് കാര്‍ത്തിക് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിക്കുകയായിരുന്നു.

Share this story