
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് നാലാം ടി20 ഇന്ന്. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനാണ് ശ്രമിക്കുക.
പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങളിൽ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ മത്സരം തുടങ്ങാന്‍ താമസിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ് ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.
അതേസമയം, ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ശ്രേയസിന് ഇന്ന് അവസരം നൽകാൻ സാധ്യതയില്ല. മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു. സഞ്ജു വരുമ്പോള്‍ ബാറ്റിംഗ് പൊസിഷനില്‍ മാറ്റവരാനും സാധ്യതയുണ്ട്.
സൂര്യകുമാര്‍ ഫോമിലെത്തിയ സാഹചര്യത്തില്‍ ഇന്ന് മധ്യനിരയില്‍ ഇറങ്ങാനാണ് സാധ്യത. മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരിക്കുമിത്. സഞ്ജു ക്യാപ്റ്റന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യും. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ ഇത്തരത്തിലൊരു മാറ്റം വരുത്തുമോയെന്ന് കണ്ടറിയണം. അവസാന മത്സരത്തിലെ പ്രകടനത്തോടെ റിഷഭ് പന്ത് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ ആത്മവിശ്വസം വര്‍ദ്ധിപ്പിക്കും.
ഇന്ത്യയുടെ സാധ്യത ഇലവന്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ദീപക് ഹൂഡ, ആര് അശ്വിന്, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.