ഹയ്യാകാർഡ് ഉള്ളവരുടെ അതിഥികളായി ലോകകപ്പിനെത്തുന്നവരുടെ ഫീസ് നിശ്ചയിച്ചു
HayaCard

ഹയ്യാകാർഡ് ഉള്ളവരുടെ അതിഥികളായി ലോകകപ്പിനെത്തുന്നവരുടെ ഫീസ് നിശ്ചയിച്ചു. ഒരാൾക്ക് 500 ഖത്തർ റിയാലാണ് ഫീസായി നൽകേണ്ടത്. ഹയ്യാ ആപ്ലിക്കേഷൻ വഴിയാണ് പണം അടയ്‌ക്കേണ്ടത്. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റ് ലഭിക്കാത്തവർക്ക് ഖത്തറിലേക്ക് വരാനുള്ള അവസരമാണ് വൺ പ്ലസ് ത്രീ പാക്കേജ്. അതായത് ടിക്കറ്റുള്ള ഒരാൾക്ക് അയാളുടെ ഹയ്യാ കാർഡിൽ മൂന്ന് പേരെ കൂടി ഖത്തറിലേക്ക് കൊണ്ടുവരാം. ഇങ്ങനെ വരുന്നവർക്ക് പ്രത്യേക ഫീസ് ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വന്നിരിക്കുന്നത്. 12 വയസിൽ താഴെയുള്ള കുട്ടികളെ ഫീസ് അടയ്ക്കാതെ തന്നെ കൂടെക്കൂട്ടാം.

അതേസമയം, ലോകകപ്പ് സമയത്ത് ഖത്തറിലേക്കുള്ള സന്ദർശക വിസകൾക്ക് ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെയുള്ള സന്ദർശക വിസകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. ലോകകപ്പ് സമയത്ത് ഹയ്യാകാർഡ് വഴിയാണ് ആരാധകർക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുക. 15 ലക്ഷത്തോളം ഫുട്‌ബോൾ ആരാധകരെത്തുമെന്നാണ് കണക്ക്.
 

Share this story