ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ഫിഫ

Qatar fifa World Cup 2022


ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ മദ്യം നല്‍കില്ലെന്ന് ലോക ഫുട്‌ബോള്‍ ഭരണസമിതി ഫിഫ വെള്ളിയാഴ്ച വ്യക്തമാക്കി. സ്റ്റേഡിയത്തില്‍ അല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ലോകകപ്പിലെ 64 മത്സരങ്ങളില്‍ അല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ നല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.

'ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചര്‍ച്ചയെത്തുടര്‍ന്ന്, ഫിഫ ഫാന്‍ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസന്‍സുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.  ഖത്തറിന്റെ ഫിഫ ലോകകപ്പ് 2022 സ്റ്റേഡിയത്തിന്റെ പരിധിയില്‍ നിന്ന് ബിയറിന്റെ വില്‍പ്പന പോയിന്റുകള്‍ നീക്കം ചെയ്യാനും തീരുമാനമെടുത്തിട്ടുണ്ട്. ഫിഫ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

എബി ഇന്‍ബെവിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രധാന ലോകകപ്പ് സ്‌പോണ്‍സറായ ബഡ്വെയ്സര്‍, ഓരോ മത്സരത്തിനും മൂന്ന് മണിക്കൂര്‍ മുമ്പും ഒരു മണിക്കൂറിന് ശേഷവും എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആല്‍ക്കഹോള്‍ ബിയര്‍ വില്‍ക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതിയും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ബഡ്വെയ്സറും തമ്മില്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ നയം എന്നാണ് വിവരം. 

'സംസ്‌കാരത്തില്‍ മദ്യം അത്ര വലിയ പങ്ക് വഹിക്കാത്ത മിഡില്‍ ഈസ്റ്റില്‍ നിന്നും ദക്ഷിണേഷ്യയില്‍ നിന്നും ധാരാളം ആരാധകര്‍ പങ്കെടുക്കുന്നുണ്ട്, പല ആരാധകര്‍ക്കും, മദ്യത്തിന്റെ സാന്നിധ്യം ആസ്വാദ്യകരമായ അനുഭവം സൃഷ്ടിക്കില്ല എന്ന ചിന്ത ശക്തമാണ്' - ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഒരു കേന്ദ്രത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

2010-ല്‍ ഖത്തറിന് ലോകകപ്പ് നടത്താനുള്ള അനുമതി ലഭിച്ചത് മുതല്‍  ലോകകപ്പില്‍ മദ്യം വില്‍ക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുണ്ടായിരുന്നു. 

Share this story