ക്രിസ്റ്റ്യാനോ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്ന് നീക്കി

ronaldo

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിന്റെ ചുവര്‍ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്ന് നീക്കി. ഇതിന്റെ വിഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും കഴിഞ്ഞ ദിവസം ക്ലബ് പറഞ്ഞിരുന്നു.

ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി രംഗത്തുവന്നതു വലിയ ചര്‍ച്ചയായി. 'ക്ലബില്‍ നിന്ന് ചിലര്‍ എന്നെ പുകച്ച് പുറത്തുചാടിക്കാന്‍ ശ്രമിക്കുന്നു. പരിശീലകന്‍ മാത്രമല്ല, മറ്റ് ചിലര്‍ കൂടിയുണ്ട്. ഞാന്‍ ചതിക്കപ്പെട്ടതുപോലെ തോന്നുന്നു. ചിലര്‍ക്ക് എന്നെ അവിടെ ആവശ്യമില്ല. കഴിഞ്ഞ വര്‍ഷവും ഇങ്ങനെ ആയിരുന്നു. എന്താണ് നടക്കുന്നതെന്നറിയില്ല. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ പോയതിനു ശേഷം ക്ലബിന് ഒരു പുരോഗതിയുമില്ല. എനിക്ക് ടെന്‍ ഹാഗിനോട് ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെ ബഹുമാനിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ഒരിക്കലും അദ്ദേഹത്തെ ബഹുമാനിക്കില്ല. ക്ലബിന് നല്ലതുവരാനാണ് ഞാന്‍ ഇവിടെയെത്തിയത്. എന്തുകൊണ്ടാണ് ബെയിന്‍ റൂണി എന്നെ ഇത്ര വിമര്‍ശിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അദ്ദേഹം കളി നിര്‍ത്തിയിട്ടും ഞാന്‍ കളി തുടരുന്നതിനാലാവാം. അദ്ദേഹത്തെക്കാള്‍ മികച്ചവനാണ് ഞാനെന്ന് പറയുന്നില്ല, അത് സത്യമാണെങ്കിലും.' ക്രിസ്റ്റ്യാനോ പറഞ്ഞു.

Share this story