ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ

google news
cbi

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ച് സിബിഐ. അന്താരാഷ്ട്ര വാതുവെപ്പ് സംഘങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനം സിബിഐ സംഘം സന്ദര്‍ശിച്ചിരുന്നു. സംശയനിഴലിലുള്ള ക്ലബുകളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് വിവരം.

സിംഗപ്പുരില്‍ നിന്നുള്ള കുപ്രസിദ്ധ വാതുവെപ്പുകാരന്‍ വില്‍സണ്‍ രാജ് പെരുമാള്‍ ഇന്ത്യന്‍ ക്ലബ്ബുകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1995-ല്‍ ആദ്യമായി ഒത്തുകളിക്ക് ജയിലിലായ പെരുമാള്‍ ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലെ കേസുകളിലും പ്രതിയാണ്.

ഒത്തുകളിയോട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒട്ടും സഹിഷ്ണുത കാട്ടില്ലെന്ന് എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെട്ട് ക്ലബുകള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഫുട്‌ബോളും ഒത്തുകളിക്കാരും തമ്മില്‍ യാതൊരു ബന്ധമില്ലെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കരാറുകള്‍, സ്‌പോണ്‍സര്‍മാര്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് സിബിഐയും ക്ലബ്ബുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരോസ് ഉള്‍പ്പടെ ഐ ലീഗില്‍ മത്സരിച്ചിട്ടുള്ള അഞ്ച് ടീമുകള്‍ക്കെതിരെയാണ് അന്വേഷണം.

ഐഎസ്എല്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് ഐ ലീഗ്. ഈ വര്‍ഷം ആദ്യം മാര്‍ച്ച് 15-നും മാര്‍ച്ച് 24-നും നടന്ന ആറ് ഗോവ പ്രോ ലീഗ് മത്സരങ്ങളില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്ന സംശയമുണ്ട്.

Tags