
ഭാജിയും സൈമൺസുമുള്‍പ്പെട്ട സിഡ്നി ക്രിക്കറ്റിലെ മങ്കിഗേറ്റ് വിവാദം ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കമാണുണ്ടാക്കിയത്. എന്നാൽ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിലെ വിവാദങ്ങൾക്ക് ആൻഡ്രു സൈമൺസ് മറുപടി നൽകിയത് തന്റെ ബാറ്റുകൊണ്ടായിരുന്നു. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം കസറി. ഓസീസ് ആറു വിക്കറ്റിന് 134 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു അദ്ദേഹം ക്രീസിലേക്കു വന്നത്. വിക്കറ്റിനു പിന്നിലെ ക്യാച്ചിനുള്ള ശക്തമായ അപ്പീലിനെ അതിജീവിച്ച സൈമൺസ് പിന്നീട് ഉറച്ചുനിന്ന് പോരാടുകയായിരുന്നു. പുറത്താവാതെ 162 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ഓസ്‌ട്രേലിയയുടെ വിജയത്തില്‍ സുപ്രധാന പങ്കാണ് വഹിച്ചത്.
മങ്കിഗേറ്റ് വിവാദം തന്റെ കരിയര്‍ തന്നെ തകര്‍ത്തിരുന്നുവെന്ന് പിന്നീട് സൈമൺസ് വെളിപ്പെടുത്തിയിരുന്നു. ഒടുവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്കു വന്നപ്പോള്‍ ഭാജിയും സൈമൺസും പരസ്പരം മാപ്പുപറഞ്ഞ് അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തിരുന്നു.
2008ല്‍ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു മങ്കിഗേറ്റ് വിവാദമുണ്ടായത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നായിരുന്നു ഇത്. സിഡ്‌നിയില്‍ നടന്ന ടെസ്റ്റിനിടെ ഇന്ത്യ ബാറ്റ് ചെയ്യവെ ഹര്‍ഭജന്‍ സിങ് ആന്‍ഡ്രു സൈമൺസിനെതിരേ വംശീയാധിക്ഷേപം നടത്തുകയായിരുന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിലെ 116ാം ഓവറിനിടെയാണ് ക്രീസിലുണ്ടായിരുന്ന ഹർഭജനും സൈമൺസും തമ്മില്‍ തർക്കമുണ്ടായത്.