ലോകകപ്പ് : ബസുകൾക്ക് ട്രയൽ റൺ

google news
ijm

ദോഹ: ലോകകപ്പിലേക്കുള്ള കാത്തിരിപ്പ് രണ്ടുമാസത്തിൽ കുറഞ്ഞ ദിനങ്ങളായി ചുരുങ്ങിയതോടെ ഒരുക്കം തകൃതിയാക്കി സംഘാടകർ. ലോകകപ്പ് നഗരിയിൽ കാണികളുടെ യാത്രക്കുള്ള പ്രധാന മാർഗമായ ബസുകളായിരുന്നു ബുധനാഴ്ച റോഡ് നിറയെ. പല നിറങ്ങളിൽ നഗരത്തിന്‍റെ എല്ലാ ദിക്കിലേക്കും തലങ്ങും വിലങ്ങുമായി പാഞ്ഞ ബസുകളുടെ ടെസ്റ്റ് ഡ്രൈവായിരുന്നു ഇത്.

വ്യാഴാഴ്ചയും ടെസ്റ്റ് ഡ്രൈവ് തുടരും. ലോകകപ്പ് വേദികളായ അഹമ്മദ് ബിൻ അലി സ്റ്റേഡിയം, ഖലീഫ ഇന്‍റർനാഷനൽ സ്റ്റേഡിയം, അൽതുമാമ സ്റ്റേഡിയം, അൽബെയ്ത് സ്റ്റേഡിയം എന്നിവ കേന്ദ്രീകരിച്ചായിരുന്നു ബുധനാഴ്ചയിലെ സർവിസ്. വ്യാഴാഴ്ച അൽ ജനൂബ്, സ്റ്റേഡിയം 974, എജുക്കേഷൻ സിറ്റി സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സർവിസ് നടത്തും.

സ്റ്റേഡിയങ്ങൾക്കിടയിൽ ഷട്ടിൽ സർവിസായി 2300 ബസുകളാണ് ലോകകപ്പ് വേളയിൽ ഓടുന്നത്. ഇവയുടെ സേവനത്തിനായി ഡ്രൈവർമാർ ഉൾപ്പെടെ 14,000 ജീവനക്കാരുമുണ്ട്. സൂഖ് വാഖിഫ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, വെസ്റ്റ്ബേ, ബർവ മദിനത്ന, ബർവ അൽജനൂബ് ബസ് ഹബുകൾ കേന്ദ്രീകരിച്ചായിരുന്നു ബസുകളുടെ സർവിസ് നിയന്ത്രിച്ചത്.

പൊതുഗതാഗതത്തെ പൂർണമായും ആശ്രയിച്ചായിരിക്കും ലോകകപ്പ് വേളയിൽ കാണികൾക്ക് സ്റ്റേഡിയങ്ങൾക്കിടയിലും മറ്റുമുള്ള യാത്രകൾ.മെട്രോ ട്രെയിനുകൾക്കുപുറമെ, സ്റ്റേഡിയങ്ങളിലെത്താൻ ബസ് സർവിസും ഉപയോഗപ്പെടുത്താവുന്നതാണ്.

1552 റേഡിയോ സർവിസ്, 306 ടോക് റൂം, 500 ഓപറേഷനൽ വാഹനങ്ങൾ, ജി.പി.എസ് ട്രാക്കിങ്, സി.സി ടി.വി ലൈവ് സ്ട്രീമിങ് ഉൾപ്പെടെ നിരവധി സജ്ജീകരണങ്ങളോടെയാണ് മുവാസലാത്തിനു കീഴിൽ ലോകകപ്പ് സേവനങ്ങൾക്കായി ബസുകൾ ഒരുങ്ങുന്നത്.
 

Tags